വർണ്ണപ്രഭയുടെ പൂരക്കാഴ്ച ഒരുക്കി ബഹ്‌റൈൻ പ്രതിഭ ‘പാലറ്റ് സീസൺ 3’ സംഘടിപ്പിക്കുന്നു

മനാമ : ബഹ്‌റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ ഏപ്രിൽ 30 മുതൽ മെയ് 3 വരെ നടക്കുന്ന ചിത്ര രചന മത്സരം, ചിത്ര രചന ക്യാമ്പ്, സമൂഹ ചിത്ര രചന, ചിത്ര പ്രദദർശനം, എന്നിവ വർണ്ണപ്രഭയുടെ പൂരക്കാഴ്ച ഒരുക്കുന്ന വളരെ വിപുലമായ ഒരു പരിപാടി ആയി മാറും എന്ന് ബഹ്‌റൈൻ പ്രതിഭ ഭാരവാഹികൾ അറിയിച്ചു. പാലറ്റ് സീസൺ 3 ആണ് ഈ വര്ഷം നടക്കുന്നത്. മുൻപ് നടന്ന രണ്ടു ക്യാംപുകളിലും വലിയ പങ്കാളിത്തം ആണ് ഉണ്ടായിരുന്നത്. കേരളാ ലളിതകലാ അക്കാദമി സെക്രെട്ടറി ആയി സേവനം അനുഷ്ഠിക്കുന്ന ശ്രീ പൊന്നിയം ചന്ദ്രൻ ആണ് കഴിഞ്ഞ രണ്ടു ക്യാമ്പുകളിലും പരിശീലകൻ ആയി എത്തിയിരുന്നത് .

പ്രസിദ്ധ ചിത്രകലാകാരിയും ഈ രംഗത്ത് ഏറെ ഗവേഷണം നടത്തിയിട്ടുള്ളതും ആയ ശ്രീമതി കബിത മഹോപാധ്യായ ആണ് ഈ വർഷം പരിശീലക ആയി എത്തുന്നത്. ഇവരോടൊപ്പം മറ്റു പ്രശസ്തരും ഉണ്ടാകും. അധ്യാപികയും, ഗവേഷകയും, പ്രശസ്ത ചിത്രകാരിയും, സംഗീതജ്‌ജയും ആയ കബിത നിരവധി അന്തർദേശീയ സെമിനാറുകളിൽ ചിത്രകലയെ കുറിച്ച് പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ക്ലാസുകൾ നയിക്കുകയും ചെയ്തിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അവരുടെ ചിത്രങ്ങളുടെ പ്രദർശനവും നടന്നിട്ടുണ്ട്. ഗീതാഞ്ജലി പോലുള്ള കൃതികളെ ആസ്പദമാക്കി രചിച്ച ചിത്രങ്ങൾ വളരെ പ്രസിദ്ധം ആണ്. ചിത്രകലാരംഗത്തെ ഇത്രയും പ്രശസ്ത വ്യക്തിത്വങ്ങളുടെ സാനിധ്യം ബഹ്‌റൈൻ പ്രവാസികൾക്ക് ഒരു പുതിയ അനുഭവം ആയിരിക്കും.

അഞ്ചു വയസു മുതൽ പതിനാറു വയസുവരെ ഉള്ള കുട്ടികളെ മൂന്ന് ഗ്രൂപ്പുകൾ ആയി തരം തിരിച്ചാണ് മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നത്. പ്രത്യേകം രജിസ്റ്റർ ചെയ്യുന്നവർക്കാണ് ക്യാമ്പിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുക. മത്സരത്തിനുള്ള പ്രവേശനം സൗജന്യം ആണ്. ബഹ്‌റൈനിലെ നൂറോളം ചിത്രകാരന്മാർ പങ്കെടുക്കുന്നതായിരിക്കും സമൂഹ ചിത്ര രചന. ” പ്രളയം അതിജീവനം ” എന്ന വിഷയത്തെ അധികരിച്ചു ആയിരിക്കും സമൂഹ ചിത്ര രചന നടക്കുന്നത്. മെയ് 3 വൈകിട്ട് അഞ്ചു മണി മുതൽ ബഹ്‌റൈൻ കേരളീയ സമാജം ഗ്രൗണ്ടിൽ സജീകരിക്കുന്ന നൂറു മീറ്റർ കാൻവാസിൽ ആണ് സമൂഹ ചിത്ര രചന നടക്കുന്നത്. വിശദ വിവരങ്ങൾക്കും പങ്കാളിത്വത്തിനും വിപിൻ ദേവസ്യ 34134776 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ബഹ്‌റിനിലെ ചിത്രകാരൻമാർക്ക് തങ്ങളുടെ മനോഹര ചിത്രങ്ങൾ എക്സിബിഷനിൽ പ്രദര്ശിപ്പിക്കാവുന്നതും ആണ്. അതിനായി ശ്രീ ഷൈൻ 33137006 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

മെയ് മൂന്നിന് വെള്ളിയാഴ്ച വൈകിട്ട് കഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് നടക്കുന്ന സമാപന ചടങ്ങിൽ ഫല പ്രഖ്യാപനവും സമ്മാനദാനവും നടക്കും. ബഹ്‌റൈൻ പ്രതിഭ വനിതാ വേദി , ബാലവേദി എന്നിവർ അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികളും ഇതൊനോടനുബന്ധിച്ചു നടക്കും. ഇതിനായി വിവിധ സബ്‌കമ്മിറ്റികളുടെ പ്രവർത്തനം സജീവമായി നടന്നു വരുന്നു. ബഹ്‌റൈൻ പ്രതിഭ ആസ്ഥാനത്തു നടന്ന പത്ര സമ്മേളനത്തിൽ ബഹ്‌റൈൻ പ്രതിഭ നേതാക്കൾ ആയ പി ശ്രീജിത്ത് , മഹേഷ് മൊറാഴ , ഷെരിഫ് കോഴിക്കോട് എന്നിവർ പങ്കെടുത്തു. പരിപാടികൾ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് 39125889 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്