മനാമ: മെഗാ ഫെയര്‍ റാഫിള്‍ ടിക്കറ്റ് ക്രമക്കേടിലൂടെ പൊതു സമൂഹത്തെ വഞ്ചിച്ചവര്‍ മാപ്പു പറഞ്ഞ് ഉടന്‍ രാജിവെച്ചൊഴിയണമെന്ന് യുണൈറ്റഡ് പാരന്റ്‌സ് പാനല്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
രക്ഷിതാക്കളല്ലാത്തവര്‍ മെഗാ ഫെയര്‍ നടത്തരുതെന്നും നറുക്കെടുപ്പിനുള്ള റാഫിള്‍ ടിക്കറ്റുകളില്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ അംഗീകരിച്ചതിന്റെ രേഖകളോ നമ്പറോ ഇല്ലെന്നും ഇത് വന്‍ ക്രമക്കേടിന് വഴിയൊരുക്കുമെന്നും യു.പി.പി ആദ്യമേ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് പരാതി നല്‍കുകയും മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയും ചെയ്തതാണ്. എന്നാല്‍ യു.പി.പി യുടെ വാദം ശരിയല്ലെന്നും അവര്‍ ഫെയറിനും റാഫിളിനും എതിരാണെന്നുമുള്ള രീതിയില്‍ അവ്യക്തവും തെറ്റായ രീതിയിലുള്ളതുമായ മറുപടികള്‍ പറഞ്ഞൊഴിഞ്ഞ് പൊതു സമൂഹത്തെ മുഴുവന്‍ തെറ്റി ദ്ധരിപ്പിക്കുകയാണ് സ്‌കൂളിലെ കാവല്‍ ഭരണസമിതി ചെയ്തത്. റാഫിളിന്റെ അവസാന നിമിഷങ്ങളില്‍ നറുക്കെടുപ്പിനായി റാഫിള്‍ ബോക്‌സില്‍ സൂക്ഷിക്കേണ്ട റാഫിള്‍ കൂപ്പണുകള്‍ പരക്കെ പുറത്താകുകയും അര്‍ദ്ധരാത്രിയില്‍ അദ്ധ്യാപകരെയും മറ്റു ജീവനക്കാരെയും കൊണ്ട് ആദ്യമേ ടിക്കറ്റിനോട് ചേര്‍ത്ത് രേഖപ്പെടുത്തേണ്ടിയിരുന്ന മന്ത്രാലയത്തിന്റെ അംഗീകാരവും നമ്പറുകളുമടങ്ങുന്ന സീലുകള്‍ ടിക്കറ്റുകളിലെ കൗണ്ടര്‍ ഫോയിലുകളില്‍ മാത്രം പതിപ്പിക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ വ്യാപകമായി പുറത്തായതോടെ റാഫിളിലൂടെ ഒരു കാവല്‍ ഭരണസമിതി നടത്താനുദ്ദേശിച്ച വന്‍ സാമ്പത്തിക ക്രമക്കേടിന്റെ പൂര്‍ണ്ണ രൂപമാണ് പുറത്തായത്. റാഫിള്‍ നടത്തുന്നത് വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും സഹായിക്കാനാണെന്ന് തെറ്റിദ്ധരിപ്പിച്ചത് കൊണ്ട് മാത്രം സഹകരിക്കാന്‍ കൂടെ നിന്ന സമൂഹത്തിലെ നല്ലവരായ സാമൂഹ്യ പ്രവര്‍ത്തകരേയും മനുഷ്യ സ്‌നേഹികളേയും അവഹേളിക്കുന്ന രീതിയിലുള്ള സംഭവങ്ങളാണ് പൊതു സമൂഹത്തിന് മുന്നില്‍ ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്.
മുന്‍കാലങ്ങളില്‍ മെഗാ ഫെയറുകള്‍ നടക്കുമ്പോള്‍ റാഫിള്‍ കൂപ്പണുകള്‍ നിക്ഷേപിക്കാനുള്ള റാഫിള്‍ ബോക്‌സുകള്‍ പ്രവേശ കവാടത്തിനടുത്തും പ്രധാന വേദിക്ക് തൊട്ടു മുന്‍പിലും സ്ഥാപിക്കാറുണ്ട്. ഇത്തവണ ഇത് സ്ഥാപിക്കാതിരുന്നത് മന്ത്രാലയത്തിന്റെ അനുമതി മുദ്ര പതിച്ചിട്ടില്ലാത്ത വ്യാജ ടിക്കറ്റുകളിലൂടെ പദ്ധതിയിട്ട ഭീമമായ സംഖ്യയുടെ ക്രമക്കേട് നടത്താനായിരുന്നെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മന്ത്രാലയത്തിലെ ആളുകള്‍ നറുക്കെടുപ്പിന് എത്താത്തത് കാരണം നറുക്കെടുപ്പ് മാറ്റി വെച്ചിരിക്കുന്നതായി പാതിരാത്രിയിലാണ് ചെയര്‍മാന്‍ പ്രഖ്യാപിച്ചത് . ധൃതിവെച്ച് മന്ത്രാലയത്തിന്റെ അംഗീകാര മുദ്രയില്ലാത്ത കോടികണക്കിന് രൂപയുടെ ടിക്കറ്റുകളാണ് വിദ്യാര്‍ത്ഥികളിലൂടേയും അദ്ധ്യാപകരിലൂടെയും മറ്റു ഏജന്റ്മാരിലൂടേയും വിറ്റഴിക്കപ്പെട്ടത്. ഇത് തികച്ചും ഈ രാജ്യത്തെ റാഫിള്‍ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും മുന്‍ വര്‍ഷങ്ങളിലെ പോലെ ഫെയര്‍ വരുമാനത്തില്‍ സാമ്പത്തിക ക്രമക്കേട് നടത്താനുള്ള ഗൂഡതന്ത്രത്തിന്റെ ഭാഗമാണെന്നും യു.പി.പി നേതാക്കള്‍ പറഞ്ഞു. ഇനിയും രക്ഷിതാക്കളേയും പൊതു സമൂഹത്തേയും വിഡ്ഢികളാക്കി നല്ലപിള്ള ചമയാതെ അനര്‍ഹമായ സ്ഥാനങ്ങളില്‍ നിന്നും രക്ഷിതാക്കളല്ലാത്തവര്‍ എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകണമെന്നും യു.പി.പി. ആവശ്യപ്പെടുകയാണെന്നും യു.പി.പി. നേതാക്കള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ യു.പി.പി ചെയര്‍മാന്‍ എബ്രഹാം ജോണ്‍, കണ്‍വീനര്‍ അനില്‍.യു.കെ മറ്റു നേതാക്കളായ ബിജു ജോര്‍ജ്ജ്, ജ്യോതിഷ് പണിക്കര്‍, ജോണ്‍ ബോസ്‌കോ, അബ്ബാസ് സേഠ്, ജോണ്‍തരകന്‍, അന്‍വര്‍ ശൂരനാട് എന്നിവര്‍ പങ്കെടുത്തു.