മനാമ: ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗം പ്രസംഗവേദി “നെഹ്റുവിയൻ ഇന്ത്യ” എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറിയും എഴുത്തുകാരനുമായ പ്രൊഫസർ ടി പി കുഞ്ഞി കണ്ണൻ മുഖ്യ പ്രഭാഷണം നടത്തി.
ജനാധിപത്യം, മതേതരത്വം, യുക്തിചിന്ത, മനുഷ്യാവകാശം, ശാസ്ത്രബോധം, ചേരിേചരായ്മ തുടങ്ങിയ മൂല്യങ്ങള്‍ അവയുടെ സാഫല്യത്തിനായി വികസിപ്പിച്ച സര്‍വകലാശാലകള്‍ ഗവേഷണകേന്ദ്രങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍ മറ്റ് ഭരണ – നിയമ സംവിധാനങ്ങള്‍, ഇവയൊക്കെ ഏകോപിപ്പിച്ച ഇന്ത്യന്‍ ഭരണഘടന, ഇവയെല്ലാമായിരുന്നു നെഹ്‌റൂവിയന്‍ ഇന്ത്യയുടെ കാതലുകള്‍ എന്ന് പ്രഭാഷകൻ പറഞ്ഞു. ഭാവി ഇന്ത്യ രൂപപ്പെട്ടുവരേണ്ടത് ഹിന്ദുത്വചട്ടക്കൂടിലല്ല, തികച്ചും വ്യത്യസ്തമായി ജനാധിപത്യം, മതേതരത്വം, സഹവര്‍ത്തിത്വം, സാംസ്‌കാരികബഹുസ്വരത, ശാസ്ത്രബോധം, മനുഷ്യാവകാശം, യുക്തിചിന്ത എന്നിവയൊക്കെ പരസ്പരം സമ്മേളിക്കുന്ന ഒരു മാനവിക ഭൂമികയിലായിരിക്കണം എന്നും പ്രൊഫസർ ടി പി കുഞ്ഞികണ്ണൻ പറഞ്ഞുവച്ചു.
പ്രഭാഷണത്തിനു ശേഷം നടന്ന സംവാദത്തിൽ ചോദ്യങ്ങൾക്ക് പ്രൊഫസർ ടിപി കുഞ്ഞിക്കണ്ണൻ മറുപടി പറഞ്ഞു. സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം പറഞ്ഞു. സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര ആശംസ അർപ്പിച്ചു. പ്രസംഗവേദി കൺവീനർ അനു ബി കുറുപ്പ് നന്ദി പ്രകാശനം നടത്തി.