മനാമ: പ്രവാസികളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ചൂഷണം ചെയ്ത് നിയമ വിരുദ്ധ പണമിടപാടുകളിലൂടെ മലയാളികളുള്‍പ്പെടെയുള്ള പലിശ സംഘം ബഹ്റൈനില്‍ നടത്തി കൊണ്ടിരിക്കുന്ന ക്രൂരതകള്‍ക്കെതിരെ സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പലിശ വിരുദ്ധ സമിതി നിവേദനം നല്‍കി. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ബഹറൈനില്‍ എത്തിയതായിരുന്നു അദ്ദേഹം.
പ്രവാസികളുടെ കയ്യില്‍ നിന്നും ഒപ്പിട്ട ബ്ലാങ്ക് മുദ്രപത്രങ്ങളും, ബ്ലാങ്ക് ചെക്ക് ബുക്കുകളും കൈക്കലാക്കി പലിശയും കൂട്ടുപലിശയും ചേര്‍ത്ത് നാട്ടിലെ കിടപ്പാടവും ഭൂമിയും പണവും കൈക്കലാക്കുന്ന സംഭവങ്ങള്‍ പലിശക്കാരുടെ വിശദീകരണ സഹിതം പലിശ വിരുദ്ധ സമിതി മന്ത്രിയുടെ ശ്രദ്ധയി പ്പെടുത്തി.
പലിശ വിരുദ്ധ സമിതി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയ മന്ത്രി നാട്ടില്‍ ഇതിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പലിശ വിരുദ്ധ സമിതിക്ക് ഉറപ്പ് നല്‍കി. പലിശ വിരുദ്ധ സമിതി ചെയര്‍മാന്‍ ജമാല്‍ ഇരിങ്ങലിനോടൊപ്പം ഉപദേശക സമിതി അംഗവും കേരള സമാജം പ്രസിഡന്റുമായ പി.വി. രാധാകൃഷ്ണ പിള്ള, പലിശ വിരുദ്ധ സമിതി ജനറല്‍ സെക്രട്ടറി ദിജീഷ്, എക്‌സിക്യൂട്ടീവ് അംഗം ഷാജി മൂതല എന്നിവരും പങ്കെടുത്തു.