മനാമ: കെ.സി.എ ദി ഇന്ത്യൻ ടാലെന്റ്റ് സ്കാൻ 2022 നു തിരി തെളിഞ്ഞു. KCA ഹാളിൽ വെച്ച് നടന്ന വര്ണാഭമായ ചടങ്ങിൽ കേരള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉത്ഘാടന കർമ്മം നിർവഹിച്ചു.
ബഹ്റൈൻ പ്രവാസ ഭൂമികയിലെ കെ സി എ യുടെ പ്രവർത്തനങ്ങൾ മികച്ചതാണെന്നും ടാലെന്റ്റ് സ്കാൻ പോലുള്ള കല കായിക മത്സരങ്ങൾ യുവ തലമുറയെ ഇന്ന് സമൂഹം നേരിടുന്ന മയക്കു മരുന്ന് പോലെയുള്ള ഭവിഷ്യത്തുകൾ ക്കെതിരെ പോരാടാൻ സജ്ജരാക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ബി ഫ് സി മാർക്കറ്റിംഗ് ഹെഡ് അരുൺ വിശ്വനാഥൻ, ഏഷ്യൻ സ്കൂൾ പ്രിൻസിപ്പൽ മോളി മാമ്മൻ, ന്യൂ മില്ലിനിയം സ്കൂൾ പ്രിൻസിപ്പൽ അരുൺ ശർമ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ മേനോൻ, ന്യൂ ഹോറിസൺ ആക്ടിങ് പ്രിൻസിപ്പൽ വന്ദന സതീഷ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു കുട്ടികൾക്കു ആശംസകൾ നേർന്നു സംസാരിച്ചു . കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ കെസിഎ പ്രസിഡന്റ് നിത്യൻ തോമസ് അധ്യക്ഷത വഹിച്ചു. ടാലന്റ് സ്കാൻ ചെയർമാൻ വർഗീസ് ജോസഫ് കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കെസിഎ കോർ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം ജോൺ നന്ദി പറഞ്ഞു. ഉത്ഘാടന ചടങ്ങുകൾക്ക് ശേഷം കുട്ടികൾക്കായുള്ള ദേശഭക്തി ഗാന മത്സരം നടന്നു. മൂന്നുമാസത്തോളം നീണ്ടുനിൽക്കുന്ന മത്സരങ്ങളിൽ 800 ഓളം കുട്ടികൾ മത്സരാർത്ഥികളായി പങ്കെടുക്കും