മനാമ: ഭാരതസർക്കാർ നൽകുന്ന പരമോന്നതപുരസ്കാരമായ 2021 ലെ പ്രവാസി ഭാരതീയ സമ്മാൻ ലഭിച്ച
ബഹ്‌റൈനിലെ പ്രമുഖ വ്യവസായിയും, ജിയോ ടെക്നിക്കൽ എഞ്ചിനീയറും സാമൂഹ്യപ്രവർത്തകനുമായ കെ ജി ബാബുരാജനെ ബഹ്റൈൻ കേരളീയ സമാജം ആദരിച്ചു. സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രി ജി.സുധാകരൻ, പാർലമെൻറംഗം എൻ.കെ. പ്രേമചന്ദ്രൻ, ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റ് ശോഭ സുരേന്ദ്രൻ, ബഹ്റൈൻ ഗവൺമെൻ്റിൻ്റെ സീനിയർ ലീഗൽ അഡ്വൈസർ ജമീൽ അൽ അലവി എന്നിവർ സന്നിഹിതരായിരുന്നു. സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ സ്വാഗതം പറഞ്ഞു.
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ നിന്നും സിവിൽ എഞ്ചിനീറിങ്ങിൽ ബിരുദം നേടി 1979 ൽ സൗദി അറേബ്യയിലും പിന്നീട് ബഹ്റൈനിലും എത്തിയ ബാബുരാജൻ ചുരുങ്ങിയ കാലങ്ങൾ കൊണ്ടു ബഹ്റൈനിലെ പ്രമുഖ ജിയോടെക്നിക്കൽ കൺസൾട്ടന്റ് ആയി മാറി. സൗദി -ബഹ്‌റൈൻ കോസ് വേ, വിവിധ പാലങ്ങൾ, ഫിനാൻഷ്യൽ ഹാർബർ, സിറ്റി സെന്റർ, ആ ൽബ, ബഹ്‌റൈൻ എയർപോർട്ട് തുടങ്ങി ബഹ്‌റിനിലെ പ്രധാന നിർമിതികളിലൊക്കെ ഈ മലയാളി എഞ്ചിനീറുടെ കരങ്ങളുണ്ട്. നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ബാബുരാജൻ ശിവഗിരി തീർത്ഥാടനകമ്മിറ്റിയുടെ ചെയർമാൻ കൂടിയാണ്
സ്വന്തം മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രവാസി ഭാരതീയരെ ആദരിക്കുന്നതിനായി കേന്ദ്ര വിദേശകാര്യമന്ത്രാലയം നൽകുന്ന പരമോന്നത പുരസ്‌കാരമായ പ്രവാസി ഭാരതീയ സമ്മാൻ ലഭിക്കുന്ന ആറാമത്തെ ബഹ്റൈൻ പ്രവാസിയാണ് ബാബു രാജൻ. രവി പിള്ള (2008), സോമൻ ബേബി (2009),
പി.വി.രാധാകൃഷ്ണപിള്ള (2012), വർഗ്ഗീസ് കുര്യൻ (2014), വി.കെ.രാജശേഖരൻ പിള്ള (2017) എന്നിവർക്കായിരുന്നു മുൻവർഷങ്ങളിൽ പുരസ്കാരം.
ചടങ്ങിനോടനുബന്ധിച്ച് 300ൽ പരം കലാകാരന്മാരെ അണിനിരത്തി സമാജം കലാവിഭാഗം ഒരുക്കിയ ധൂം ധലാക്ക സീസൺ4 എന്ന നൃത്ത സംഗീത പരിപാടിയും ശ്രദ്ധേയമായി. ദേവൻ പാലോടിൻ്റെ നേതൃത്വത്തിൽ നടന്ന ധും ധലാക്ക സീസൺ ഫോറിൽ പ്രശസ്ത ചലച്ചിത്ര താരവും ടെലിവിഷൻ അവതാരകയുമായ സ്വാസിക, യുവഗായകൻ ശ്രീജേഷ് സുബ്രഹ്മണ്യൻ, പ്രശസ്ത സ്ലാക്സോഫോണിസ്റ്റ് കിഷോർ, കിബോർഡിസ്റ്റ് രാമചന്ദ്രൻ എന്നിവർ പങ്കെടുത്ത കലാവിരുന്ന് നാല് മണിക്കൂർ നീണ്ടുനിന്നു.