മനാമ: ദാറുൽ ഈമാൻ കേരള വിഭാഗം അക്ബർ ട്രാവൽസുമായി സഹകരിച്ച് നടത്തിയ ഉംറ യാത്രയിൽ പങ്കെടുത്തവർക്ക് സ്വീകരണം നൽകി. ദിശ സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ “ഉംറക്ക് ശേഷം” എന്ന വിഷയത്തിൽ ജമാൽ നദ്‌വി പഠന ക്ലാസ് നടത്തി.
ഉംറയിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യം തങ്ങളുടെ ഭാവി ജീവിതത്തിലും കാത്ത് സൂക്ഷിക്കാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസികളുടെ ജീവിതത്തിൽ കർമ്മങ്ങളുടെ നൈരന്തര്യം ഉണ്ടാവേണ്ടതുണ്ട്. മരണചിന്തയും പരലോകബോധവും വർധിപ്പിക്കാനും ഉംറ യാത്ര കാരണമാവണം. പ്രവാചകന്മാരായ ഇബ്രാഹിം, ഇസ്മായിൽ, മുഹമ്മദ് നബി തുടങ്ങിയവരുടെയും സ്വാതികരായ നിരവധി സ്വഹാബത്തിന്റെയും ജീവിതത്തിലൂടെയുള്ള ഓർമകളുടെ സഞ്ചാരം കൂടിയാണ് വിശുദ്ധഭൂമിയിലൂടെയുള്ള യാത്ര. അവരുടെ മാതൃകകൾ ജീവിതത്തിലേക്ക് പകർത്താനും ഉംറ പ്രചോദനമാകണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.കെ. അഷ്‌റഫ്, ഷാനവാസ് നെടുംപറമ്പിൽ, പി പി.മൊയ്തു , മുഹമ്മദ് റിയാസ്, സിദ്ധീഖ് , ആഷിഖ്, അസ്‌ലം വേളം, എ.കെ മൊയ്തു, ഷാഹുൽ ഹമീദ്, കെ.ടി. ഷാനിബ് ,മുഹമ്മദ് കൽഫാൻ, ഫാത്തിമ സ്വാലിഹ് തുടങ്ങിയവർ തങ്ങളുടെ യാത്രാനുഭവം പങ്ക് വെച്ചു. മൊയ്തു, യാസ്മിൻ എന്നിവർ ഗാനങ്ങളാലപിച്ചു. യാത്രക്കിടെ നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായ ഫാത്തിമ,സലാഹുദ്ധീൻ, മുഹമ്മദ് കൽഫാൻ എന്നിവർക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്‌തു. ദാറുൽ ഈമാൻ സഹ രക്ഷാധികാരി എം.എം.സുബൈർ അധ്യക്ഷത വഹിച്ച പരിപാടിയിൽ യാത്രാ അമീർ പി.പി. ജാസിർ സ്വാഗതം പറഞ്ഞു. പി.എ ബഷീർ ഖുർആൻ പാരായണവും ജനറൽ സെക്രട്ടറി എം.അബ്ബാസ് സമാപനവും നിർവ്വഹിച്ചു.