റവ. ഫാ. യോഹന്നാനുമായി ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സംഘം സൗഹൃദ കൂടിക്കാഴ്ച്ച നടത്തി

മനാമ: ഒരുമയുടെയും ഐക്യത്തിന്റെയും സന്ദേശം പ്രകാശിപ്പിക്കാൻ സൗഹൃദ സന്ദർശനം നടത്തി. സെന്റ് പോൾ മാർത്തോമാ ചർച്ച് വികാരി റവ. ഫാ. യോഹന്നാനുമായി ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സംഘമാണ് കൂടിക്കാഴ്ച്ചയും സൗഹൃദ സന്ദേശവും നൽകിയത്. മത സമൂഹങ്ങൾ പരസ്പര സ്നേഹവും സൗഹൃദവും സഹവർത്തിത്തവും നിലനിർത്താൻ ശ്രദ്ധിച്ചാൽ സമൂഹത്തിൽ വലിയ മാറ്റമുണ്ടാക്കാൻ സാധിക്കുമെന്ന് ഫാ.യോഹന്നാൻ അഭിപ്രായപ്പെട്ടു. മതത്തിന്റെയും വർഗത്തിന്റെയും വംശത്തിന്റെയും അടിസ്ഥാനത്തിലല്ലാത്ത തുറന്ന സ്നേഹവും ബഹുമാനവും ആദരവുമാണ് മനുഷ്യര്‍ക്കിടയിലെ ബന്ധങ്ങളെ ശക്തമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീലങ്കയിലെ തീവ്രവാദ സ്‌ഫോടനത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ഫ്രന്റ്‌സ് അസോസിയേഷൻ സംഘം അനുശോചനം രേഖപ്പെടുത്തുകയും തീവ്രവാദ പ്രവർത്തനങ്ങൾ ദൈവിക ആശയങ്ങളെയും മത ആദർശങ്ങളെയും ഉൾക്കൊള്ളുന്നില്ലെന്ന് വ്യക്തമാക്കുകയും ചെയ്‌തു. ഫ്രന്റ്സ്‌ പ്രസിഡന്റ്‌ ജമാൽ ഇരിങ്ങൽ, സെക്രട്ടറി സി.എം. മുഹമ്മദലി, എക്‌സിക്ക്യൂട്ടീവ് അംഗങ്ങളായ ഗഫൂർ മൂക്കുതല, മുഹമ്മദ് ഷാജി എന്നിവർ കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു. ബഹ്‌റൈനിലെ സേവനം അവസാനിപ്പിച്ച് നാട്ടിലേക്കു തിരിക്കുന്ന ഫാ. യോഹന്നാന് സംഘം ആശംസകൾ നേരുകയും ചെയ്‌തു.