ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ കൗമാര വിദ്യാർഥികൾക്കായി പഠന ക്യാമ്പ് ‘ടാലന്റീൻ 2019’ സംഘടിപ്പിക്കുന്നു

മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ടീൻസ് വിഭാഗം കൗമാര വിദ്യാർഥികൾക്കായി പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു.വിദ്യാർഥികളിൽ സാമൂഹിക, ധാർമിക മൂല്യങ്ങൾ വളർത്തുകയും അവരിൽ അന്തർലീനമായ കഴിവുകളെ വളർത്തി സമൂഹത്തിന് ഉതകുന്ന ഉത്തമ പൗരന്മാരാക്കി മാറ്റിയെടുക്കുന്നതിനുമുദ്ദേശിച്ചാണ് “ടാലന്റീൻ 2019” സംഘടിപ്പിക്കുന്നത്. മെയ് 2 മുതൽ 4 വരെ റിഫ ദിശ സെന്ററിൽ നടക്കുന്ന പരിപാടി മുൻ പാർലമെന്റ് അംഗവും സാമൂഹ്യ പ്രവർത്തകനുമായ അഹ്‌മദ്‌ അബ്‌ദുൽ വാഹിദ് ഖറാത്ത ഉദ്‌ഘാടനം നിർവഹിക്കും.

പ്രശസ്ത കൗൺസിലറും സിജി ഇന്റർനാഷണൽ റിസോഴ്സ് പേഴ്സനുമായ പി. സമീർ മുഹമ്മദ് ക്യാമ്പിൽ വിദ്യാഥികളുമായി സംവദിക്കും. ജമാൽ ഇരിങ്ങൽ, സഈദ് റമദാൻ നദ് വി, ഷംജിത്, മുഹമ്മദ് ഷാജി, എം.എം സുബൈർ, ഷമീർ മുഹമ്മദ്, ശ്രീജിത്, സൗദ, യൂനുസ് സലീം, ഷമീമ സക്കീർ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പഠന ക്ലാസുകൾ നടത്തുമെന്നും ടീൻസ് വിഭാഗം കൺവീനർ സക്കീന അബ്ബാസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും 39210248 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.