മനാമ: തുടർ കിരീടം ലക്ഷ്യമിട്ട് ജനുവരി 6 വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്ന അറേബ്യൻ ഗൾഫ് കപ്പിനുള്ള ബഹ്റൈൻ ഫുട്ബാൾ ടീം അംഗങ്ങൾ ഇറാഖിലെത്തി. ജനുവരി ഏഴിന് യു.എ.ഇക്കെതിരെയാണ് ടീമിന്റെ ആദ്യ മത്സരം. 10ന് ഖത്തറിനെയും 13ന് കുവൈത്തിനെയും നേരിടും. ഇറാഖിലേക്ക് പുറപ്പെടുന്നതിനു മുമ്പ് അവസാനവട്ട പരിശീലനം നടത്തിയ ടീം അംഗങ്ങളെ യുവജനകാര്യ, കായിക സുപ്രീം കൗൺസിൽ ഒന്നാം ഉപാധ്യക്ഷനും ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ സന്ദർശിച്ച് ആശംസകൾ അറിയിച്ചു.
2019ൽ ഖത്തറിൽ നടന്ന അവസാന അറേബ്യൻ ഗൾഫ് കപ്പ് ഫൈനലിൽ സൗദി അറേബ്യയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് ബഹ്റൈൻ കിരീടം ചൂടിയത്. എന്നാൽ, ലോകകപ്പ് പ്രാഥമിക റൗണ്ടിൽ അർജന്റീനയെ തോൽപിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സൗദി ഈ വർഷം ഗൾഫ് കപ്പിന് എത്തുന്നതെന്നത് ഫുട്ബോൾ പ്രേമികളെ ആകാംഷയിൽ നിർത്തുന്നുണ്ട്.
ഗ്രൂപ് ‘എ’ യിൽ സൗദി അറേബ്യ, ഒമാൻ, ഇറാഖ്, യമൻ എന്നീ ടീമുകളാണ് ഏറ്റുമുട്ടുന്നത്. ഗ്രൂപ് ‘ബി’ യിൽ ബഹ്റൈൻ, കുവൈത്ത്, ഖത്തർ, യു.എ.ഇ ടീമുകളും ഇറങ്ങും. രണ്ടു ഗ്രൂപ്പുകളിലായി രണ്ടു ടീമുകൾ വീതം സെമിയിലേക്ക് യോഗ്യത നേടും.
1970 മുതൽ ആരംഭിച്ച ഗൾഫ് കപ്പിൽ പത്തു തവണ ചാമ്പ്യന്മാരായ കുവൈത്തിന് കഴിഞ്ഞ 12 വർഷമായി കിരീടം നേടാനായിട്ടില്ല.