മനാമ: പ്രതിസന്ധികളെ ജീവിതവിജയത്തിനുള്ള അവസരങ്ങളാക്കി മാറ്റി മുന്നോട്ട് പോവാൻ ശ്രമിക്കണമെന്ന് ട്വീറ്റ് ചെയർപേഴ്സൺ എ. റഹ്മത്തുന്നീസ ടീച്ചർ പറഞ്ഞു. ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച സംഗമത്തിൽ സംസാരിക്കുകയായിരുന്നു അവർ. സമകാലിക സാഹചര്യങ്ങളിൽ പക്വമായ നിലപാടുകളിലൂടെയും ഇടപെടലുകളിലൂടെയുമാണ് പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടത്. ജീവിതത്തെ ക്രമപ്പെടുത്തി ശോഭനമായ ഭാവിയെ നമുക്കതിലൂടെ കെട്ടിപടുക്കാം. പ്രശ്നങ്ങൾക്ക് മുന്നിൽ പതറിപ്പോവുകയും ചകിതരായി പോവുകയും ചെയ്യരുത്. ട്വീറ്റിന്റെ പ്രവർത്തനങ്ങളെ കുറിച്ചും അവർ വിശദീകരിച്ചു. സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് ട്വീറ്റ്. സ്ത്രീകളുടെ കഴിവുകൾ സാമൂഹിക പുരോഗതിക്കും വളർച്ചക്കും വേണ്ടി മാറ്റിയെടുക്കുകയാണ് മുഖ്യ ലക്ഷ്യമെന്നും അവർ പറഞ്ഞു.
വൈസ് പ്രസിഡന്റ് ജമാൽ നദ്‌വി ഇരിങ്ങൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി എം.അബ്ബാസ് സ്വാഗതവും സെക്രട്ടറി യൂനുസ്‌രാജ് നന്ദിയും പറഞ്ഞു.
