മനാമ: ലോക തൊഴിലാളി ദിനത്തിൽ അൽ ഹിദായ വിഭാഗം സൽമാനിയ മെഡിക്കൽ സെന്ററിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് സമൂഹത്തിലെ വിവിധ വ്യക്തിത്വങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നൂറിലധികം പേർ പങ്കെടുത്തു രക്തം നല്കി. കഴിഞ്ഞ 18 വർഷമായി മെയ് ദിനത്തിൽ രക്തദാന ക്യാമ്പ് നടത്തി വരുന്നതായി അതിഥികളെ സ്വാഗതം ചെയ്തു കൊണ്ട് അബ്ദുൾ ഗഫൂർ പാടൂർ ഓർമിപ്പിച്ചു. രക്തദാനം പോലെ അതി വിശിഷ്ടമായ സാമൂഹ്യ സേവനത്തിനു മെയ് ദിനം തന്നെ തിരഞ്ഞെടുത്തത് വളരെ ഉത്തമമായാണ് ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ പ്രവാസി ഭാരതീ അവാർഡ് ജേതാവ് കൂടിയായ സോമൻ ബേബി പറഞ്ഞു.
അൽ ഹിദായ സെന്റർ പ്രവർത്തകരുടെ ഒത്തൊരുമയും സമർപ്പണ മനോഭാവവും ഈ രക്തദാന ക്യാമ്പിന്റെ വമ്പിച്ച വിജയത്തിന് കാരണമായെന്ന് പ്രവാസി കമ്മീഷൻ അംഗം കൂടിയായ സുബൈർ കണ്ണൂർ പറഞ്ഞു. മുസ്ലിം സമൂഹത്തോട് മറ്റു മതസ്ഥർക്ക് ഉണ്ടാകാവുന്ന തെറ്റിദ്ധരണകൾ തിരുത്താൻ അൽ ഹിദായ പോലുള്ള സംഘടനകൾ മുൻ കൈ എടുക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സ്വന്തം രക്തം നല്കി ജാതിയോ മതമോ അറിയാത്ത പ്രവാസി സഹോദരങ്ങളെ സഹായിക്കാനിറങ്ങിയ അൽ ഹിദായ പ്രവർത്തകരെ മുക്ത കണ്ഠം പ്രശംസിക്കുന്നതായി കെ. എം. സി. സി. ബഹ്‌റൈൻ പ്രസിഡന്റ് എസ്. വി. ജലീൽ പറഞ്ഞു. ഒന്നിനോടും താരതമ്മ്യം ചെയ്യുവാൻ പറ്റാത്ത പ്രവർത്തനമാണ് രക്തദാനമെന്നും ഈ മഹത് സംരംഭത്തിന്റെ മുൻപിൽ എല്ലാവരെയും അഭിന്ദിക്കുന്നുവെന്നു കെ. എം. സി. സി. ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ പറഞ്ഞു.
സാമൂഹ്യ പ്രവർത്തകരായ ഡോക്ടർ. ബാബു രാമചന്ദ്രൻ, ചെമ്പൻ ജലാൽ, അബ്ദുൾ സത്താർ എന്നിവർ ആശംസകൾ അർപ്പിച്ചു. ബഹ്‌റൈൻ പാടൂർ അസോസിയേഷൻ ‘ബാപ്പ’ പ്രസിഡന്റ് അഷ്‌റഫ് എൻ. കെ. മറ്റു ഭാരവാഹികളും രക്തം നല്കി കൊണ്ട് വർഷങ്ങളായി അൽ ഹിദായയുമായുള്ള ബന്ധം ദൃഢമാക്കി. അബ്ദുൾ റസാക്ക് സൂപ്പർ, അബ്ദുൾ ലത്തീഫ്, ഷമീർ ബാവ, സകീർ ഹുസൈൻ, ഷറഫുദ്ധീൻ, അബൂ സാമ,ഹംസ റോയൽ എന്നിവർ പരിപാടിക്ക് നേതൃതം നല്കി. പ്രോഗ്രാം കൺവീനർ അഷ്‌റഫ് പാടൂർ നന്ദി പറഞ്ഞു.