മനാമ: ബഹ്‌റൈനിലെ സെര്‍ട്ടിഫൈഡ് കൗണ്‍സിലര്‍മാരുടെ സംഘടനയായ പ്രവാസി ഗൈഡന്‍സ് ഫോറം എല്ലാ വര്‍ഷവും നല്‍കി വരുന്ന കര്‍മ്മജ്യോതി പുരസ്‌കാരത്തിന് ഈ വര്‍ഷം മാധ്യമപ്രവര്‍ത്തകനും, ഡെയ്‌ലി ട്രിബ്യൂണ്‍, ഫോര്‍ പിഎം, സ്പാക് ചെയര്‍മാനുമായ പി ഉണ്ണികൃഷ്ണനെ തെരഞ്ഞെടുത്തതായി പിജിഎഫ് ഭാരവാഹികള്‍ അറിയിച്ചു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ബഹ്‌റൈനിലെ മാധ്യമരംഗത്ത് നല്‍കി വരുന്ന സേവനങ്ങള്‍ മാനിച്ചും, സാമൂഹ്യസാംസ്‌കാരിക മേഖലയില്‍ നല്‍കിവരുന്ന നേതൃത്വപരമായ പങ്കും കണക്കിലെടുത്താണ് അദ്ദേഹത്തിന് പുരസ്‌കാരം നല്‍കുന്നത്. ഡോ. ബാബു രാമചന്ദ്രന്‍, ചന്ദ്രന്‍ തിക്കോടി, എസ്. വി. ജലീല്‍, ഫ്രാന്‍സിസ് കൈതാരത്ത്, സലാം മമ്പാട്ടുമൂല, പി വി രാധാകൃഷ്ണ പിള്ള, സുബൈര്‍ കണ്ണൂര്‍ എന്നിവര്‍ക്കാണ് മുന്‍ വര്‍ഷങ്ങളില്‍ ഈ പുരസ്‌കാരം നല്‍കിയത്.
ഇതോടൊപ്പം സംഘടനയുടെ അംഗങ്ങള്‍ക്കായി നല്‍കിവരാറുള്ള പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. പിജിഎഫ് ജ്വവല്‍ അവാര്‍ഡ് ലത്തീഫ് ആയഞ്ചേരിക്കും, പിജിഎഫ് പ്രോഡിജി അവാര്‍ഡ് ബിജു തോമസിനും, മികച്ച കൗണ്‍സിലര്‍ക്കുള്ള അവാര്‍ഡ് ജസീല എം എയ്ക്കും, മികച്ച ഫാകല്‍റ്റി പുരസ്‌കാരത്തിന് വിമല തോമസിനും, മികച്ച സാമൂഹ്യപ്രവര്‍ത്തകനുള്ള അവാര്‍ഡ് പ്രദീപ് പതേരിക്കും, മികച്ച കോര്‍ഡിനേറ്റര്‍ക്കുള്ള പുരസ്‌കാരം രശ്മി എസ് നായര്‍ക്കുമാണ് സമ്മാനിക്കുക.
ഫെബ്രവരി 3ന് കേരള കാത്തലിക് അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന പ്രവാസി ഗൈഡന്‍സ് ഫോറത്തിന്റെ പതിനാലാം വാര്‍ഷികയോഗത്തില്‍ ഈ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് പ്രവാസി ഗൈഡന്‍സ് ഫോറം ഭാരവാഹികള്‍ അറിയിച്ചു. പ്രശസ്ത കൗണ്‍സിലിങ്ങ് വിദഗ്ധന്‍ ഡോ. ജോണ്‍ പനക്കല്‍ ചെയര്‍മാനും, മാധ്യമപ്രവര്‍ത്തകന്‍ പ്രദീപ് പുറവങ്കര വര്‍ക്കിങ്ങ് ചെയര്‍മാനായുമുള്ള അഡൈ്വസി ബോര്‍ഡിന്റെ കീഴില്‍ ഇ കെ സലീം പ്രസിഡണ്ടും, വിശ്വനാഥന്‍ ജനറല്‍ സെക്രട്ടറിയുമായുള്ള 25 അംഗം നിര്‍വാഹക സമിതിയാണ് നോര്‍ക്ക അംഗീകൃതമായ പ്രവാസി ഗൈഡന്‍സ് ഫോറത്തെ നയിക്കുന്നത്. കൗണ്‍സിലിങ്ങ് രംഗത്ത് നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും പിജിഎഫ് നടത്തിവരുന്നുണ്ട്. കൗണ്‍സിലിങ്ങില്‍ ഡിപ്ലോമ നേടിയ നൂറ്റി അറുപതോളം സജീവ അംഗങ്ങളാണ് സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത്. വാര്‍ഷിക യോഗത്തില്‍ 2023-25 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളും സ്ഥാനമേറ്റെടുക്കും. ലത്തീഫ് കോലിക്കല്‍ പ്രസിഡണ്ടും വിമല തോമസ് ജനറല്‍ സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് സ്ഥാനമേല്‍ക്കുന്നത്.