മനാമ: അന്താരാഷ്ട്ര യാത്രക്കാർക്ക് പണമിടപാടുകൾ എളുപ്പത്തിൽ നടത്താൻ കഴിയുന്ന ‘ബി.എഫ്.സി പേ ട്രാവൽ ബഡ്ഡി’ വിസ കാർഡ് പുറത്തിറക്കി ബി.എഫ്.സി പേയ്മെന്റ്സ്. ഒരു കാർഡ് ഉപയോഗിച്ച് വിവിധ കറൻസികളിൽ ഇടപാട് നടത്താൻ കഴിയുന്ന സംവിധാനമാണ് ഇതിലൂടെ ബിഎഫ്സി ഗ്രൂപ്പ് ഹോൾഡിംഗ്സ്ൻറെ ഫിൻടെക് വിഭാഗമായ ബിഎഫ്സി പേയ്മെന്റ്സ് അവതരിപ്പിച്ചിരിക്കുന്നത്. എവിടെനിന്നും എളുപ്പത്തിൽ ടോപ്അപ് ചെയ്യാം, എളുപ്പത്തിലുള്ള കറൻസി വിനിമയം, ലോകത്തെവിടെയുമുള്ള വിസയുടെ 80 ദശലക്ഷത്തിലധികം വ്യാപാരപങ്കാളികളിൽനിന്ന് വിവിധ കറൻസികൾ ഉപയോഗിച്ച് ഷോപ്പിങ്ങും ഡൈനിങ്ങും നടത്താം തുടങ്ങിയവയാണ് കാർഡിന്റെ മറ്റു സവിശേഷതകൾ. കാർഡ് ഉടമകൾക്ക് വിസ പ്ലാറ്റിനം ലോയൽറ്റി പദ്ധതിയിലും പങ്കാളികളാകാൻ കഴിയും.
ബിസിനസ്, വിനോദയാത്രകളിൽ വർധനയുണ്ടായതോടെ, സുരക്ഷിതവും സുഗമവുമായ ഡിജിറ്റൽ പണമിടപാട് സംവിധാനം അനിവാര്യമായ സാഹചര്യത്തിലാണ് ബി.എഫ്.സി പേ ട്രാവൽ ബഡ്ഡി കാർഡ് അവതരിപ്പിക്കുന്നത്. കാർഡിൽ എളുപ്പത്തിൽ ബഹ്റൈൻ ദീനാർ നിറച്ച് വാലറ്റിലെ ആറു വ്യത്യസ്ത കറൻസികളിലേക്ക് ആകർഷകമായ വിനിമയ നിരക്കുകളിൽ മാറ്റാൻ സാധിക്കും. അമേരിക്കൻ ഡോളർ, ബ്രിട്ടീഷ് പൗണ്ട്, യൂറോ, സൗദി റിയാൽ, യു.എ.ഇ ദിർഹം, ബഹ്റൈൻ ദീനാർ എന്നീ കറൻസികളിലാണ് കാർഡ് ഉപയോഗിച്ച് ഇടപാട് നടത്താൻ കഴിയുക. ഭാവിയിൽ കൂടുതൽ കറൻസികൾ ഉൾപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു. കറൻസി വിനിമയം നടത്തുമ്പോൾ ആകർഷമായ വിനിമയ നിരക്ക് ഉറപ്പാക്കാൻ ‘എക്സ്ചേഞ്ച് റേറ്റ് ലോക്ക്’ എന്ന സവിശേഷതയുമുണ്ട്. ഇതര പണമിടപാട് സംവിധാനങ്ങൾ ഈടാക്കുന്നതിനേക്കാൾ കുറഞ്ഞ വിനിമയ നിരക്കായതിനാൽ അന്താരാഷ്ട്ര യാത്രകൾ കൂടുതൽ ആദായകരമാക്കാൻ ഈ കാർഡ് സഹായിക്കും.
ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഡിജിറ്റൽ അനുഭവം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ട്രാവൽ ബഡ്ഡി കാർഡ് പുറത്തിറക്കുന്നതെന്ന് ബി.എഫ്.സി പേമെന്റ്സ് ജനറൽ മാനേജർ ഡേവിസ് പാറക്കൽ പറഞ്ഞു. കാർഡിന് അപേക്ഷിക്കുന്നതും പണം നിറക്കുന്നതും മറ്റ് കറൻസികളിലേക്ക് മാറ്റുന്നതും ഉൾപ്പെടെ എല്ലാ കാര്യങ്ങളും ബി.എഫ്.സി പേ മൊബൈൽ ആപ് വഴി ചെയ്യാവുന്നതാണ്. കറൻസി വിനിമയരംഗത്ത് 100 വർഷത്തിലേറെ അനുഭവസമ്പത്തുള്ള കമ്പനി, ഇടപാടുകാരുടെ യാത്രാ ആവശ്യങ്ങൾക്കായി സമ്പൂർണ ഡിജിറ്റൽ സംവിധാനം ആവിഷ്കരിച്ചിരിക്കുകയാണെന്ന് ബി.എഫ്.സി ഗ്രൂപ് ഹോൾഡിങ്സ് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ ഇബ്രാഹിം നോനൂ പറഞ്ഞു. ഡിജിറ്റൽവത്കരണത്തിനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ അടയാളമാണ് ബി.എഫ്.സി പേ ട്രാവൽ ബഡ്ഡി കാർഡ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.