മനാമ: പ്രവർത്തകരിൽ അറിവും ആവേശവും പകർന്നു നൽകിയ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സംഗമം ഏറെ ശ്രദ്ധേയമായി. “നമ്മുടെ മൂല്യ സംസ്കാരം” എന്ന തലക്കെട്ടിൽ പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി പ്രഭാഷണം നിർവഹിച്ചു. ജീവിതത്തിൽ ഉന്നതമായ ധാർമ്മിക സംസ്കരണം കാത്തുസൂക്ഷിക്കുന്നവർക്കാണ് സാമൂഹിക സംസ്കരണത്തിന് വേണ്ടി പ്രവർത്തിക്കാൻ സാധിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. പുതിയ വിപണിസംസ്കാരം ഉൽപ്പാദിപ്പിക്കുന്ന മൂല്യരഹിത ജീവിതശൈലിയാണ് ഇന്നത്തെ കാലത്ത് സമൂഹം സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. സദാചാരവും ധാർമ്മികബോധവും പുതിയ തലമുറയക്ക് കൈമോശം വന്നു കൊണ്ടിരിക്കുന്നു. ഇത് തിരിച്ചു പിടിക്കാൻ കൂട്ടായ ശ്രമങ്ങളാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“പ്രചോദനമാണ് എന്റെ പ്രസ്ഥാനം” എന്ന വിഷയത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജമാൽ നദ്‌വി ഇരിങ്ങൽ പ്രഭാഷണം നിർവഹിച്ചു. മുൻഗണനാ ക്രമങ്ങളിൽ കൃത്യമായ ആസൂത്രണങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഏല്പിക്കപ്പെടുന്ന ഉത്തരവാദിത്തങ്ങൾ കൃത്യതയോടെ നിർവ്വഹിക്കപ്പെടുമ്പോഴാണ് വിജയം സാധ്യമാവുക. വ്യക്തി എന്ന നിലക്ക് ഓരോരുത്തരും കൂടുതൽ മെച്ചപ്പെട്ട പ്രവർത്തകനാവാൻ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് നടന്ന ക്ലസ്റ്റർ ചർച്ചകൾക്ക് ഇർഷാദ്ഷാ കുഞ്ഞിക്കനി, ഹേബ ഷകീബ്, ഇ.കെ.സലീം, അലി അഷ്‌റഫ്, എ.എം. ഷാനവാസ്, ബദ്റുദ്ദീൻ ,സാജിർ ഇരിക്കൂർ, നൂറ ഷൗക്കത്തലി, ബുഷ്‌റ റഹീം, ഷരീഫ് കായണ്ണ എന്നിവർ നേതൃത്വം നൽകി.
ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ബാസ് മലയിൽ സ്വാഗതവും സെക്രട്ടറി യൂനുസ് രാജ് നന്ദിയും പറഞ്ഞു