മനാമ : തൗഹീദി പ്രബോധന രംഗത്ത് സജീവ സാന്നിധ്യമായ “അൽ ഹിദായ സെന്റർ” മലയാള വിഭാഗത്തിന്റെ 2023 – 2024 വർഷത്തേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു. പ്രസിഡണ്ടായി ഹംസ അമേത്ത്, ജനറൽ സെക്രട്ടറി രിസാലുദ്ദീൻ, ഫിനാൻസ് സെക്രട്ടറി വി.പി. അബ്ദുൽ റസാഖ്, ഓർഗനൈസിംഗ് സെക്രട്ടറി ബിനു ഇസ്മാഈൽ എന്നിവരാണ് നേതൃത്വത്തിൽ വന്നിരിക്കുന്നത്.
ഹംസ കെ ഹമദ്, മുഹമ്മദ് നസീർ, മുഹമ്മദ് ഷംസീർ എന്നിവർ തിരഞ്ഞെടുപ്പ് പ്രക്രിയകൾ നിയന്ത്രിച്ചു. ജംഇയ്യത്ത് തർബിയയുടെ കീഴിൽ പ്രവർത്തിക്കുന്ന സംഘടന ഖുർആൻ ഹദീസ് ക്‌ളാസ്സുകൾ, ഓഫ് ലൈൻ ഓൺ ലൈൻ മദ്രസ്സകൾ, ഖുതുബ പരിഭാഷകൾ, വനിതാ ക്‌ളാസ്സുകൾ തുടങ്ങി നിരവധി രംഗങ്ങളിൽ പ്രവർത്തിക്കുന്നു. ജനറൽ സെക്രട്ടറി രിസാലുദ്ദീൻ സ്വാഗതമാശംസിച്ച് തുടങ്ങിയ യോഗത്തിൽ പ്രസിഡണ്ട് ഹംസ അമേത്ത് അദ്ധ്യക്ഷത വഹിച്ചു.
അൽ ഹിദായ സെന്റർ ദാഇ സമീർ ഫാറൂഖി ഉൽബോധന പ്രഭാഷണം നിർവഹിച്ചു. എല്ലാ മേഖലകളിലും നടമാടുന്ന മൂല്യച്യുതിയുടെ വർത്തമാന കാലത്ത് തൗഹീദിൽ അടിയുറച്ച് നിന്ന് കൊണ്ട് പ്രബോധനം നടത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഓർഗനൈസിംഗ് സെക്രട്ടറി ബിനു ഇസ്മാഈൽ നന്ദി പ്രകാശിപ്പിച്ചു.