കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി ജോലിയും, താമസ സ്ഥലവും എല്ലാം നഷ്ടപ്പെട്ടു ഹമദ് ടൗൺ സൂഖ് വഖഫിൽ അലഞ്ഞിരുന്ന പാലക്കാട് ജില്ലയിലെ കൊപ്പം കരിങ്ങനാട് സ്വദേശി ശരീഫിന്റെ വിഷയം കഴിഞ്ഞ 1/3/2023ന് ആണ് കെഎംസിസി ബഹ്‌റൈൻ പാലക്കാട് ജില്ലാ ഭാരവാഹികൾ അറിയുന്നത്. അറിഞ്ഞ ഉടനെ തന്നെ ജില്ലാ കെഎംസിസി പ്രസിഡന്റ് ശറഫുദ്ധീൻ മാരായമംഗലവും, ജില്ലാ ട്രഷറർ ഹാരിസ് വി. വി തൃത്താലയും, ജില്ലാ വൈസ് പ്രസിഡന്റ് ആഷിഖ് മേഴത്തൂരും ഹമദ് ടൗണിൽ എത്തി ഹമദ് ടൗൺ ഏരിയ കെഎംസിസി നേതാക്കൾ ആയ അബൂബക്കർ പാറക്കടവ്, ഷാജഹാൻ പരപ്പൻ പൊയിൽ, അബ്ബാസ് വയനാട് എന്നിവരെ കൂടി അറിയിച്ചു ശരീഫിനെ സന്ദർശിച്ചു.
അദ്ദേഹത്തിന്റെ നിസ്സഹായവസ്ഥ നേരിട്ട് ബോധ്യപ്പെട്ടു. 2020 ജൂണിൽ വിസ കാലാവധി കഴിഞ്ഞ ശരീഫ് വിസ പുതുക്കിയിട്ടില്ല എങ്കിലും ഹമദ് ടൗണിലും , ഡാർക്കുലൈബിലുമായി ഹോട്ടലുകളിലും മറ്റും പൊറോട്ട പണി എടുത്തിരുന്നു. ഈ അടുത്ത് ആയി കാലിന് വെരിക്കോസിന്റെ അസുഖം ബാധിച്ചു നിന്ന് ജോലി ചെയ്യാനും പറ്റാത്ത അവസ്ഥയായി. ഉണ്ടായിരുന്ന ജോലിയും, റൂമും എല്ലാ നഷ്ട പ്പെട്ടു ഹമദ് ടൗൺ സൂഖിൽ പള്ളിയിൽ ആയിരിന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താമസിച്ചിരുന്നത്. സാമ്പത്തികമായും, ശാരീരികമായും ആകെ തകർന്ന ശരീഫിന്റെ നിസ്സഹായവസ്‌ഥ നേരിൽ ബോധ്യപ്പെട്ട പാലക്കാട് ജില്ലാ കെഎംസിസി നേതാക്കൾ ഹമദ് ടൗൺ ഏരിയ നേതാക്കളുടെ സഹകരണത്താൽ ഉടൻ തന്നെ ശരീഫിനെ നാട്ടിൽ അയക്കാൻ ഉള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ചു. ഇതിന്റ ഭാഗമായി ഫഹ്ദാൻ ഗ്രൂപ്പ് ഇദ്ദേഹത്തിന്റെ വിസ റീക്യാൻസലേഷൻ ഉൾപ്പടെയുള്ള യാത്ര നടപടി ക്രമങ്ങൾ സൗജന്യമായി ചെയ്തു നൽകുകയും ഷെരീഫിന് ആവശ്യമായ ചികിത്സയും മരുന്നുകളും. മറ്റും ഹമദ് ടൗൺ അൽ ഹിലാൽ ഹോസ്പിറ്റൽ സൗജന്യമായി നൽകുകയും കൂടാതെ ഷെരീഫ് നാട്ടിലേക്ക് പോകുന്നത് വരെ ആവശ്യമായ ചികിത്സ സഹായങ്ങൾ വാഗ്ദാനം നൽകുകയും ചെയ്തു.
യാത്രക്കുള്ള ടിക്കറ്റ് കെഎംസിസി ബഹ്‌റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി നൽകി , കൂടാതെ നാട്ടിലേക്ക് കൊണ്ട് പോവാൻ ആവശ്യമായ സാധനങ്ങളും സാമ്പത്തിക സഹായവും പാലക്കാട് ജില്ലാ കെഎംസിസി പ്രവർത്തക സമിതി അംഗം അഷ്‌റഫ് മരുതൂരും , ശിഹാബ് പൊന്നാനിയും കൂടാതെ ഹമദ് ടൗൺ ഏരിയ കെഎംസിസി നേതാക്കളും ചേർന്നു നൽകി. അദ്ദേഹത്തിന്റെ ഈ ഒരു നിസ്സഹായ വസ്ഥയിൽ വേണ്ട പരിചരണവും, ഭക്ഷണവും നൽകിയതും മൊബൈൽ ഫോൺ പോലുമില്ലാത്ത ഷെരീഫിന്റെ ഓരോ കാര്യങ്ങളും അതാത് സമയത്ത് കെഎംസിസി നേതാക്കളെ അറിയിച്ചു ഷെരീഫിന് തുണയായത് ഹമദ് ടൗൺ സൂഖ് വഖഫിൽ സൈക്കിൾ ഷോപ്പ് നടത്തുന്ന കാഞ്ഞങ്ങാട് സ്വദേശി ഹംസക്കയാണ്. ഉമ്മയും സഹോദരനും അടങ്ങുന്ന ഷെരീഫിന്റെ കുടുംബം വാടക വീട്ടിലാണ് കഴിയുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ള ഷെരീഫിന്റെ അസുഖം പൂർണ്ണമായും ഭേദമായി വീണ്ടും ബഹ്റൈനിലേക്ക് തിരിച്ചുവരാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ഷെരീഫ് നാട്ടിലേക്ക് യാത്രയായത് ..