മനാമ: കഴിഞ്ഞ ദിവസം നടന്ന മഹിന്ദ്ര കേരളാ സൂപ്പർ ലീഗ് നാലാം സീസണിൽ ബഹ്‌റൈൻ കെഎംസിസി ഫുട്ബോൾ ടീം ജേതാക്കളായി. മാതാ അഹ്‌ലി സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ യുവ കേരളയെ പെനൽറ്റി ഷൂട്ട് ഔട്ട് ഇൽ തോൽപിച്ചാണ് കെഎംസിസി ആദ്യമായി കെ എസ് എൽ ഇൽ മുത്തമിട്ടത്. കെഎംസിസി ക്ക് വേണ്ടി ഇൽയാസ് , ഫയാസ് , റിച്ചാർഡ് , ജാഫർ എന്നിവർ പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചപ്പോൾ യുവയുടെ ഷമീർ റിയാസ് എന്നവരുടെ കിക്ക് തടുത്തു ഗോൾ കീപ്പർ റിയാസ് കെഎംസിസി ക്ക് അഭിമാനകരമായ വിജയം സമ്മാനിച്ചു.
ബഹ്‌റിനിലെ 10 പ്രമുഖ ടീമുകൾ പങ്കെടുത്ത ഒരു മാസത്തിലേറെ നീണ്ടു നിന്ന ലീഗിൽ നേരത്തെ നടന്ന സെമിഫൈനലിൽ എഫ് സി കേരളയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചു കെഎംസിസി യും അതേ സ്കോറിന് ഐ എസ് എഫ് നെ തോൽപിച്ചു യുവ കേരളയും ഫൈനലിൽ പ്രവേശിച്ചിരുന്നു.
ടൂർണമെന്റിലെ മികച്ച ഡിഫൻഡർ ആയി റിഷാദ് (എഫ് സി കേരള ), മിഡ്‌ഫീൽഡർ ആയി അഹ്‌സാഫ് അലി (യുവ ), ഗോൾകീപ്പർ ആയി അസ്‌ലം (യുവ) എന്നിവരെയും 8 ഗോളുകൾ നേടുകയും ടൂർണമെന്റിൽ മിന്നും കളി കാഴ്ച വെച്ചു കെഎംസിസി യുടെ വിജയത്തിന് ചുക്കാൻ പിടിച്ച ഇല്യാസ് ആണ് ഗോൾഡൻ ബോൾ ആൻഡ് ഗോൾഡൻ ബൂട്ട് വിജയി . വിജയികൾക്കുള്ള അവാർഡ് മഹിന്ദ്ര പി.ആർ.ഒ ബിജിത, മുസ്‌രിസ് ഡയറക്ടർ ഷഫീക് എന്നിവർ ചേർന്നു കൈമാറി.