മനാമ: ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ദേവ്ജി ബി.കെ.എസ് കലോത്സവത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് ഏഴിന് സമാജം ഡി.ജെ ഹാളിൽ നടക്കും. വ്യക്തിഗത-ഗ്രൂപ് ഇവന്റുകളിലായി ആയിരത്തോളം കുട്ടികൾ നൂറിലധികം മത്സര ഇനങ്ങളിൽ പങ്കെടുക്കും. രജിസ്ട്രേഷൻ അവസാനിച്ചതായി സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, കലോത്സവം ജനറൽ കൺവീനർ ബിനു വേലിയിൽ എന്നിവർ അറിയിച്ചു.
കുട്ടികളുടെ കലാഭിരുചികൾ മനസ്സിലാക്കാനും മികച്ച പ്രതിഭകളെ കണ്ടെത്താനുമായി നടത്തുന്ന കലോത്സവത്തിൽ പ്രധാന ഇനങ്ങളായ നൃത്ത സംഗീത മത്സരങ്ങൾ ഈദ് അവധി ദിനങ്ങളിലായി പത്തോളം സ്റ്റേജുകളിലായി നടക്കും. വിധികർത്താക്കളായി കേരളത്തിൽ നിന്നടക്കം പ്രമുഖരെത്തും. മത്സരങ്ങൾ വീക്ഷിക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കാനുമായി പൊതുജനങ്ങൾക്കും അവസരമൊരുക്കിയിട്ടുണ്ട്.