മനാമ: ഏപ്രിൽ ആദ്യവാരം ആരംഭിച്ച ‘ദേവ്ജി- ബി.കെ.എസ് ജി.സി.സി കലോത്സവ’ത്തിന്റെ ഫിനാലെയും സമാജം മേയ്ദിനാഘോഷവും മേയ് ഒന്നിന് നടക്കുമെന്ന് ബഹ്റൈൻ കേരളസമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അംബാസഡർ പിയൂഷ് ശ്രീവാസ്തവ, കേരള ആരോഗ്യമന്ത്രി വീണ ജോർജ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. കലോത്സവ പ്രായോജകരായ ദേവ്ജി കമ്പനി ജോയന്റ് മാനേജിങ് ഡയറക്ടർ ജയ്ദീപ് ഭരത്വജി വിശിഷ്ടാതിഥി ആയിരിക്കും.
100 വ്യക്തിഗത മത്സര ഇനങ്ങളിലും 60ലധികം ഗ്രൂപ് ഇനങ്ങളിലുമായി ആയിരത്തിലധികം വിദ്യാർഥികൾ കലോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്. സൗഹൃദാന്തരീക്ഷത്തിൽ പരസ്പരം മത്സരിക്കാനുമുള്ള അവസരമൊരുക്കുന്ന ആർട്ട് ഫെസ്റ്റ്, ഇന്ത്യയിലെയും കേരളത്തിലെയും പ്രശസ്തമായ വിവിധ യുവജനോത്സവങ്ങളെ പ്രതിഫലിപ്പിക്കുന്ന രീതിയിൽ, ബഹ്റൈനിലെ ഏറ്റവും വലിയ കലോത്സവമായി മാറിയെന്ന് സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണ പിള്ള പറഞ്ഞു. കൂടുതൽ പോയന്റ് നേടുന്ന സീനിയർ മത്സരാർഥികൾക്ക് കലാതിലകം, കലാപ്രതിഭ ടൈറ്റിലുകളും ജൂനിയർ വിഭാഗത്തിൽ ബാലതിലകം, ബാലപ്രതിഭ ടൈറ്റിലുകളും സമ്മാനിക്കും. ഗ്രൂപ് ചാമ്പ്യൻഷിപ്, സ്പെഷൽ ഗ്രൂപ് ചാമ്പ്യൻഷിപ്, നാട്യ രത്ന, സംഗീത രത്ന, കലാരത്ന, സാഹിത്യ രത്ന എന്നിവയാണ് മറ്റ് ടൈറ്റിലുകൾ.
സമാജം അംഗങ്ങളായ നൂറിലധികം വളന്റിയർമാരാണ് ബിനു വേലിയിലും നൗഷാദ് ചെറിയിൽ എന്നിവരുടെ നേതൃത്വത്തിൽ കലോത്സവത്തിനു ചുക്കാൻ പിടിക്കുന്നത്. സമാജം മേയ് ദിനാഘോഷങ്ങളുടെ നേതൃത്വം വഹിക്കുന്നത് സമാജം ഇൻഡോർ ഗെയിംസ് സെക്രെട്ടറി പോൾസൺ ലോനപ്പനാണ്. തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പും തുടർന്ന് സാംസ്കാരിക പരിപാടികളും വൈകീട്ട് മൂന്നു വരെ മത്സരങ്ങളും നടക്കും. മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയാകും.