മനാമ: പ്രത്യാശയുടെ അത്ഭുത ഗോപുരം തീർത്ത കാട്ടുകണ്ടി അബ്ദുല്ലക്ക് ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ സ്വീകരണം നൽകി. അംഗപരിമിതി വകവെക്കാതെ പ്രത്യാശയുടെ അത്ഭുത ലോകം കീഴടക്കിയ പ്രതിഭയാണ് അദ്ദേഹമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി പറഞ്ഞു. പരിപാടിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
1993ലാണ് തന്റെ വാഹനത്തിന് മുകളിൽ മരം കടപുഴകി വീണ് അദ്ദേഹത്തിന്റെ നട്ടെല്ലിന് ക്ഷതമേൽക്കുന്നത്. ശേഷം മരണത്തിന്റെയും ജീവിതത്തിന്റെയും ഒരു നേർത്ത നൂൽപാലത്തിൽ ഒച്ചിനെ പോലെ സഞ്ചരികാണുകയായിരുന്നു അദ്ദേഹം. എന്നാൽ വിധിയെ പഴിചാരാതെ തന്റെ കിടപ്പ് ജീവിതത്തിലൂടെ അതിജീവനത്തിന്റെ പുതുചരിത്രം സൃഷ്ടിക്കുകയായിരുന്നു അദ്ദേഹം. അനവധി പുസ്തക രചനകൾ നടത്തി തന്റെ പ്രതീക്ഷ നിറഞ്ഞ ജീവിതാനുഭവങ്ങളിലൂടെ തളർന്നുപോയവർക്ക് വേണ്ടി സമർപ്പിത ജീവിതം നയിക്കുകയാണ് ഇപ്പോൾ അദ്ദേഹം.
ശരീരം ദുർബലപ്പെട്ടപ്പോൾ മനസ്സിനെ ശക്തിപ്പെടുത്തിക്കൊണ്ട് പ്രത്യാശയുടെ അത്ഭുതഗോപുരം തീർക്കുകയാണ് അബ്ദുല്ല. ചടങ്ങിൽ അദ്ധേഹത്തെ കേൾക്കാനും കാണാനും നിരവധി ആളുകൾ സംബന്ധിച്ചു. റസാഖ് മൂഴിക്കൽ, നൂറുദ്ധീൻ ഷാഫി, അബ്ദുല്ലയുടെ പ്രിയതമ റുഖിയ, അദ്ദേഹത്തിന്റെ മക്കൾ തുടങ്ങിയവരും പങ്കെടുത്തു. പരിപാടിയിൽ വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ സ്വാഗതവും ജനറൽ സെക്രട്ടറി എം. അബ്ബാസ് നന്ദിയും പറഞ്ഞു.