മനാമ: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം വെള്ളിയാഴ്‌ച പ്രസിദ്ധീകരിച്ചപ്പോൾ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ മികച്ച വിജയം കരസ്ഥമാക്കി അക്കാദമിക് രംഗത്തെ മികവ് നിലനിർത്തി. 97.4 ശതമാനം മാർക്ക് (487/500) നേടിയ വീണ കിഴക്കേതിൽ ഇന്ത്യൻ സ്‌കൂൾ ടോപ്പറായി. 96.8 ശതമാനം (484/500) നേടിയ അഞ്ജലി ഷമീറാണ് സ്‌കൂളിൽ രണ്ടാം സ്ഥാനത്ത്. 96.6 ശതമാനം (483/500) നേടിയ സാനിയ സൂസൻ ജോൺ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ഈ വർഷം 20 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ വൺ ലഭിച്ചു. അക്കാദമിക് മികവിന്റെ പാരമ്പര്യത്തിന് അനുസൃതമായി സിബിഎസ്ഇ പരീക്ഷയിൽ സ്‌കൂൾ 93 വിജയ ശതമാനം നേടി. കഴിഞ്ഞ മാർച്ചിൽ നടത്തിയ പരീക്ഷയിൽ ആകെ 653 വിദ്യാർത്ഥികൾ ഹാജരായിരുന്നു. 2022 സെപ്തംബർ വരെ ക്ലാസുകൾ ഹൈബ്രിഡ് (ഓൺലൈനും ഓഫ്‌ലൈനും) രീതിയിൽ ആയിരുന്നു. അതിനുശേഷം ക്ലാസുകൾ പൂർണ്ണമായും ഓഫ്‌ലൈനായി നടന്നു. ഇത്രയും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾക്കിടയിലും ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ പരീക്ഷകളിൽ പ്രശംസനീയമായ പ്രകടനമാണ് കാഴ്ചവെച്ചത്.
സയൻസ് വിഭാഗത്തിൽ വീണ കിഴക്കേതിൽ തന്നെ 97.4% നേടി സ്‌കൂളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കെവിൻ ആന്റണി 96.2 % (481/500) സയൻസ് സ്ട്രീമിൽ രണ്ടാം സ്ഥാനവും ജിയോൺ ബിജു മനയ്ക്കൽ 96% മാർക്കോടെ (480/500) മൂന്നാം സ്ഥാനവും നേടി.
96.6% നേടിയ സാനിയ സുസൻ ജോണാണ് കൊമേഴ്‌സ് സ്ട്രീമിൽ ടോപ്പർ. 96.4 ശതമാനം (482/500) മാർക്കോടെ ഗായത്രി ധനഞ്ജയൻ കൊമേഴ്‌സ് വിഭാഗത്തിൽ രണ്ടാം സ്ഥാനത്താണ്. 95.6 ശതമാനം (478/500) നേടിയ ഏബൽ ജോൺ കുരുവിള കൊമേഴ്‌സിൽ മൂന്നാം സ്ഥാനത്താണ്.
96.8 ശതമാനം നേടിയ അഞ്ജലി ഷമീറാണ് ഹ്യുമാനിറ്റീസ് വിഭാഗത്തിൽ ടോപ്പർ. 95.8 ശതമാനം നേടിയ ഋഷിക പ്രീതം മഞ്ചേശ്വര് 479 മാർക്കോടെ രണ്ടാം സ്ഥാനത്താണ്. 94.8 ശതമാനം മാർക്ക് നേടിയ അനുഗ്രഹ സൂസൻ സാം ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 474 മാർക്കോടെ മൂന്നാം സ്ഥാനത്താണ്.
സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, മെമ്പർ അക്കാദമിക് മുഹമ്മദ് ഖുർഷിദ് ആലം, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും പിന്തുണയേകിയ അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിച്ചു.
പരീക്ഷാ ഫലത്തിന്റെ വിശദാംശങ്ങൾ:
- 500ൽ 487 ആണ് ഉയർന്ന മാർക്ക് (97.4%)
- 20 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ വൺ നേടി
- 64 വിദ്യാർത്ഥികൾക്ക് എ ഗ്രേഡും ലഭിച്ചു
- 495 വിദ്യാർത്ഥികൾക്ക് 60 ശതമാനവും അതിൽ കൂടുതലും ലഭിച്ചു
- 246 വിദ്യാർത്ഥികൾക്ക് 75% മുകളിൽ ലഭിച്ചു
- ഒരു വിദ്യാർത്ഥി ഇംഗ്ലീഷിൽ 100 നേടി
- ഒരു വിദ്യാർത്ഥി ഗണിതത്തിൽ 97 നേടി
- ഒരു വിദ്യാർത്ഥി ഫിസിക്സിൽ 96 നേടി
- കെമിസ്ട്രിയിൽ 2 വിദ്യാർഥികൾ 100ഉം ഒരു വിദ്യാർഥി 99ഉം നേടി
- ബയോളജിയിൽ 10 വിദ്യാർഥികൾ 95 നേടി
- കംപ്യൂട്ടർ സയൻസിൽ 2 പേർ 100 ഉം 3 കുട്ടികൾ 99 ഉം നേടി
- എഞ്ചിനീയറിംഗ് ഗ്രാഫിക്‌സിൽ 2 വിദ്യാർത്ഥികൾ 98 നേടി
- ഇൻഫർമാറ്റിക്‌സ് പ്രാക്ടീസിൽ 3 വിദ്യാർത്ഥികൾ 99 നേടി
- അക്കൗണ്ടൻസിയിൽ 3 വിദ്യാർത്ഥികൾ 99 നേടി
- മാർക്കറ്റിംഗിൽ 2 വിദ്യാർത്ഥികൾ 100 നേടി
- ഒരു വിദ്യാർത്ഥി ബിസിനസ് സ്റ്റഡീസിൽ 99 നേടി
- ഒരു വിദ്യാർത്ഥി സാമ്പത്തിക ശാസ്ത്രത്തിൽ 99 മാർക്ക് നേടി
- ഒരു വിദ്യാർത്ഥി മനഃശാസ്ത്രത്തിൽ 98 നേടി
- ഒരു വിദ്യാർത്ഥി സോഷ്യോളജിയിൽ 99 നേടി
- ഹോം സയൻസിൽ ഒരു വിദ്യാർത്ഥി 97 നേടി