മനാമ: ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ്, വരും ആഴ്ചകളിൽ വാർഷിക മദർകെയർ ISB APJ ഇന്റർ-ജൂനിയർ സ്കൂൾ സയൻസ് ക്വസ്റ്റ്, സീസൺ 4 ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണ്. മൂന്ന് ഘട്ടങ്ങളിലായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ക്വിസിന്റെ പ്രാഥമിക റൗണ്ട് മെയ് 20നു ശനിയാഴ്ച നടക്കും. ഈ റൗണ്ടിലെ ടോപ്പ് സ്‌കോറർമാർ, ഓരോ സ്‌കൂളിൽ നിന്നും ഒരാൾ വീതം, മെയ് 27നു ശനിയാഴ്ച നടക്കുന്ന സെമി ഫൈനൽ റൗണ്ടിലേക്ക് കടക്കും. ജൂൺ 2 വെള്ളിയാഴ്ച നടക്കുന്ന അവസാന റൗണ്ടിൽ ആറ് ടീമുകൾ മത്സരിക്കും. ഡോ. ബാബു രാമചന്ദ്രൻ (അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ), ബോണി ജോസഫ് (ഡയറക്ടർ, ബോണിസ് എജ്യുക്കേഷണൽ സർവീസസ്) എന്നിവരാണ് ക്വിസ് മാസ്റ്റർമാർ. പന്ത്രണ്ട് സ്‌കൂളുകളിൽ നിന്നുള്ള 31 ഓളം യുവ ക്വിസ് മത്സരാർത്ഥികൾ ആവേശകരമായ മത്സരങ്ങളിൽ മാറ്റുരക്കും.
‘ പ്രൈമറി സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കിടയിൽ ശാസ്‌ത്രീയ അന്വേഷണം, ന്യായവാദം എന്നിവ പ്രോത്സാഹിപ്പിക്കാനാണു 2017-ല് ഈ മുൻനിര സംരംഭം ആരംഭിച്ചതെന്ന് റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ പറഞ്ഞു. ‘എപിജെ സയൻസ് ക്വസ്റ്റ് സീസണുകളിലെ പ്രോത്സാഹനത്തിനും പങ്കാളിത്തത്തിനും ഈ സംരംഭം വിജയകരമാക്കുന്നതിനും എല്ലാ സ്കൂളുകളോടും നന്ദി പറയുന്നു. ടൈറ്റിൽ സ്‌പോൺസർ എന്ന നിലയിൽ എപ്പോഴും പിന്തുണച്ച മദർകെയറിനും അൽ റാഷിദ് ഗ്രൂപ്പിനും മുൻകാലങ്ങളിലെ എല്ലാ സ്പോൺസർമാർക്കും നന്ദി പറയുന്നു. മുൻ വർഷങ്ങളിൽ ശരത് മേനോൻ ആയിരുന്നു ക്വിസ് മാസ്റ്റർ.
സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടിയുടെ നടത്തിപ്പിന് പിന്തുണയും മാർഗനിർദേശവും നൽകുന്നതായി പമേല സേവ്യർ പറഞ്ഞു.