മനാമ: മഹാനായ പ്രവാചകൻ ഇബ്രാഹീം നബിയുടെയും കുടുംബത്തിൻ്റെയും ത്യാഗനിർഭരമായ സ്മരണകൾ പുതുക്കി ബലി പെരുന്നാൾ ആഘോഷിക്കുന്ന വേളയിൽ ബഹ്‌റൈൻ ഭരണാധികാരികൾക്കും ജനതക്കും പ്രവാസി സമൂഹത്തിനും ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ആശംസകൾ നേർന്നു. ആഘോഷങ്ങളുടെ സന്തോഷം പങ്കുവെക്കപ്പെടുകയും സൗഹാർദത്തിന്റെ ഭൂമിക വിശാലമാക്കുകയും സ്നേഹത്തിന്റെ ഇഴയടുപ്പം വർധിപ്പിക്കുകയും അത് വഴി വെറുപ്പും വിദ്വേഷവും അകറ്റി നിർത്തി മനുഷ്യത്വം ഉദ്‌ഘോഷിക്കാനും ഈ അവസരത്തിൽ സാധിക്കേണ്ടതുണ്ട്. പ്രതിസന്ധികളെ അതിജീവിച്ചു ജീവിതത്തെ കരുത്തോടെ മുന്നോട്ടു ചലിപ്പിക്കാനുള്ള പ്രചോദനമാണ് പ്രവാചകൻ ഇബ്‌റാഹീമും കുടുംബവും നൽകുന്നത്. അരികുവൽക്കരിക്കപ്പെടുകയും അകറ്റി നിർത്തപ്പെടുകയും ചെയ്യുന്ന മനുഷ്യരോട് ചേർന്ന് നിൽക്കാനും നീതി ഉയർത്തിപ്പിടിക്കാനും അശരണരുടെയും ആലംബഹീനരുടെയും പ്രയാസങ്ങൾ പരിഹരിക്കാനുമുള്ള പ്രതിജ്ഞ പുതുക്കാൻ ഈദ് കരുത്ത് നൽകട്ടെയെന്നും ഫ്രന്റ്‌സ് അസോസിയേഷൻ പുറത്തിറക്കിയ സന്ദേശത്തിൽ വ്യക്തമാക്കി.