മനാമ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീലയുടെ വിയോഗം മാപ്പിളപ്പാട്ട് മേഖലക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് ഫ്രൻ്റ്സ് സർഗവേദി പുറത്തിറക്കിയ അനുശോചന സന്ദേശത്തിൽ അഭിപ്രായപെട്ടു. പ്രവാസി സമൂഹത്തിന്റെ ഗദ്ഗദങ്ങളെ കോറിയിടുന്ന ഒരുപടി ഗാനങ്ങൾക്ക് ഈണം പകർന്ന ഗായികയായിരുന്നു ഫസീല.
ഹസ്ബീ റബ്ബീ ജല്ലല്ലാഹ്, ഹജ്ജിന്റെ രാവില്‍ ഞാന്‍ കഅ്ബം കിനാവ് കണ്ടു, ആകെലോക കാരണമുത്തൊളി, ഉടനെ കഴുത്തെന്റെ, ആനെ മദനപ്പൂ, കണ്ണീരില്‍ മുങ്ങി, മണി മഞ്ചലില്‍, പടപ്പ് പടപ്പോട്, റഹ്‌മാനല്ലാ, ഉമ്മുല്‍ ഖുറാവിലെ, മക്കത്ത് പോണോരെ തുടങ്ങിയ പ്രശസ്തമായ ഗാനങ്ങള്‍ മലയാളികൾ ഇന്നും ഗൃഹാതുരതയോടെ ഓർമിക്കുകയും പാടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഗാനങ്ങളാണ്. പതിറ്റാണ്ടുകളായി ഗൾഫ് മലയാളികളുടെ ഗാന സദസ്സുകളിലും പാട്ടുമനസ്സുകളിലും അവരുണ്ട്.
ഒരുകാലത്ത് പ്രവാസികളുടെ വിരഹവേദനകളിലും ഏകാന്തതകളിലും സാന്ത്വനമായി, നാടിനെക്കുറിച്ചുള്ള നല്ല സ്വപ്നങ്ങളെ കുറിച്ച പ്രതീക്ഷകളായി ഫസീലയുടെ പാട്ടുകൾ ഓരോ പ്രവാസികളിലും ചേക്കേറിയിട്ടുണ്ട്.
കേരള മാപ്പിള കലാ അക്കാദമി ഏര്‍പ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, ഫോക് ലോര്‍ അക്കാദമി ലൈഫ് അച്ചീവ്‌മെന്റ് അവാര്‍ഡ്, മാപ്പിള കലാരത്‌നം അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ച അനുഗ്രഹീത കലാകാരി കൂടിയായിരുന്നു അവർ. വിളയിൽ ഫസീലയുടെ വിയോഗത്തിൽ ദുഃഖമനുഭവിക്കുന്ന കുടുംബാദികൾക്കും സഹപ്രവർത്തകർക്കും അനുശോചനം അറിയിക്കുന്നതായും പത്രക്കുറിപ്പിൽ വ്യക്തമാക്കി.