കാൻസർ ബാധിതരായ കുട്ടികളെ സഹായിക്കുന്നതിനായി ഡോനെഷൻ ഡ്രൈവ് ആരംഭിച്ചു

മനാമ: കാൻസർ ബാധിതരായ കുട്ടികളെ സഹായിക്കുന്നതിനായി ബഹ്‌റൈൻ നാഷണൽ ബാങ്ക് (എൻബിബി)യും ഫ്യൂച്ചർ യൂത്ത് സൊസൈറ്റി സ്മൈൽ ഇനീഷ്യേറ്റും ആരോഗ്യ മന്ത്രാലയവും ചേർന്ന് ഡോനെഷൻ ഡ്രൈവ് ആരംഭിച്ചു. കുട്ടികളെ സഹായിക്കുന്നതിനുവേണ്ടിയുള്ള ഈ സംരഭത്തിലേക്ക് ഗൾഫ് ഹോട്ടൽ ഗ്രൂപ്പ് ആദ്യമായി സംഭാവന നൽകി. ഈ ഡ്രൈവ് വർഷാവസാനം വരെ പ്രവർത്തിക്കും. കുട്ടിക്കാലത്തെ ക്യാൻസറിനെക്കുറിച്ച് ബോധവൽക്കരണം നടത്താനും ഈ ഡ്രൈവിലൂടെ സാധിക്കും.

ഗൾഫ് ഹോട്ടൽസ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഗാർഫീൽഡ് ജോൺസ്‌ സൊസൈറ്റി ചെയർമാൻ സബാഹ് അൽ സയാനിക്ക് സൊസൈറ്റി അംഗങ്ങളുടെയും ഗ്രൂപ്പ് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് റോൺ പീറ്ററിന്റെയും സാന്നിധ്യത്തിൽ സംഭാവന നൽകി.

റംസാൻ ചാരിറ്റി ക്യാംപയിനു ആദ്യം തന്നെ സംഭാവന ചെയ്യാൻ സാധിച്ചതിൽ അഭിമാനിക്കുന്നു എന്ന് ജോൺസ്‌ പറഞ്ഞു. ബഹ്റൈനി സമുദായത്തോടുള്ള ഉത്തരവാദിത്തം തുടരുകയും സമൂഹത്തിൽ ഏറ്റവും ദുർബലമായ വിഭാഗങ്ങളെ പിന്തുണയ്ക്കാൻ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ ഉണ്ടാകുമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. കാൻസർ ബാധിതരായ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും സംരക്ഷിക്കുന്നതിനായി ഇന്റർഗ്രേറ്റഡ് കാൻസർ സെന്റർ നിർമിക്കുന്നതിനായി സംഭാവന ഉപയോഗപ്പെടുത്തുമെന്ന് അൽ സയാനി പറഞ്ഞു.

ബഹ്റൈനിയർക്കും ക്യാൻസറുള്ള കുട്ടികൾക്കും വേണ്ടിയുള്ള മാനസികവും ആരോഗ്യപരവുമായ ആവശ്യങ്ങൾ സ്മൈൽ ഇനിഷ്യേറ്റീവ് പ്രദാനം ചെയ്യും. അതോടൊപ്പം രോഗികൾക്ക് വൈദ്യ ഉപകരണങ്ങൾ വാങ്ങുന്നതിനും കുട്ടികൾക്ക് ഹോം വിദ്യാഭ്യാസം നൽകുന്നതിനും മാതാപിതാക്കൾക്ക് ആവിശ്യമായ പിന്തുണ നൽകുന്നതിനുമായി ഗ്രൂപ്പ് പ്രവർത്തിക്കും. ആളുകൾക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് സംഭാവന ചെയ്യാൻ സാധിക്കും (BH12 NBOB 00000099660067).