മനാമ: ആലിയിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട അഞ്ച് ജീവനക്കാരുടെ ഓർമ്മകളിൽ അൽഹിലാൽ ഗ്രൂപ്പ് പ്രാർത്ഥനാ യോഗം സംഘടിപ്പിച്ചു. ഹോസ്പിറ്റൽ ഗ്രൂപ്പിന്റെ ഓണാഘോഷം കഴിഞ്ഞു മടങ്ങവേയായിരുന്നു കഴിഞ്ഞ സെപ്റ്റംബർ 1 ന് രാത്രി ആലിയിൽ വെച്ച് മഹേഷ് വി.പി, ഗൈതർ ജോർജ്, ജഗത് വാസുദേവൻ, അഖിൽ രഘു, സുമൻ മോകിനപ്പള്ളി എന്നീ ജീവനക്കാർ സഞ്ചരിച്ച വാഹനം ശുചീകരണ ട്രക്കിലിടിച്ച് അപകടം സംഭവിക്കുന്നത്. തൊഴിലിനോടും സഹപ്രവർത്തകരോടും എന്നും ഉത്സാഹഭരിതരായി ഇടപഴകിയിരുന്ന ഈ യുവ ജീവനക്കാരുടെ നഷ്ടം ഒരിക്കലും പകരം വയ്ക്കാനാവില്ലെന്ന് മാനേജ്മെൻ് അംഗങ്ങൾ ഒരേ സ്വരത്തിൽ പറഞ്ഞു.
മുഹറഖ് അൽഹിലാൽ ഹോസ്പിറ്റൽ പാർക്കിംഗ് ഏരിയയിൽ നടന്ന 500 ൽ അധികം പേർ പങ്കെടുത്ത പ്രാർത്ഥനാ യോഗത്തിൽ എല്ലാ ജീവനക്കാരും വെള്ള വസ്ത്രം ധരിച്ചായിരുന്നു എത്തിയത്. സന്തോഷത്തിൻറെ കൊടുമുടിയിൽ നിന്നും ദുഃഖത്തിൻറെ പടുകുഴിയിലേക്ക് കൂപ്പുകുത്തിയ സെപ്റ്റംബർ 1 എന്ന ഇരുണ്ട ദിനം സംഭവിക്കാതിരുന്നെങ്കിൽ എന്ന ഒരേയൊരു ആശ മാത്രമായിരുന്നു കണ്ണീരിൻറെ ഈറൻ മാറാത്ത സഹ പ്രവർത്തകരുടെ കണ്ണുകളിൽ.
ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർമാരായ ഡോ. പി.എ. മുഹമ്മദ്, അബ്ദുൽ ലത്തീഫ് ഉപ്പള, വി.ടി വിനോദ് എന്നിവർ അനുശോചന സന്ദേശം നൽകി. മരിച്ചവരുടെ കുടുംബത്തിന് സാമ്പത്തിക സഹായവും ഇൻഷുറൻസ് തുക നേടിയെടുക്കുന്നതിനുള്ള എല്ലാവിധ പിന്തുണയും ഗ്രൂപ്പ് മാനേജ്‌മെൻറ് വാഗ്ദാനം ചെയ്തു.
വിട്ടു പിരിഞ്ഞവർ കേവലം ജീവനക്കാരിലുപരി തങ്ങളുടെ നല്ല സുഹൃത്തുക്കളും കുടുംബവുമായിരുന്നെന്നും ഏറ്റവും ഒടുവിൽ പിരിയുമ്പോൾ പോലും എല്ലാവരുടെയും മുഖത്ത് നിറ പുഞ്ചിരികളായിരുന്നെന്നും ഗ്രൂപ്പ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ അനുസ്മരിച്ചു.
പ്രാർത്ഥനാ യോഗത്തിൽ അൽഹിലാൽ മാനേജ്മെൻറ് പ്രതിനിധികൾക്കും ജീവനക്കാർക്കും പുറമെ നുട്ടപ്പാട്ട് (തായ് എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ), ഫ്രാൻസിസ് കൈതാരത്ത് (ബഹ്റൈൻ മീഡിയ സിറ്റി), ജലാൽ ചെമ്പൻ (മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ), ബഷീർ അമ്പലായി (ബി.കെ.എസ്.എഫ്), അമർനാഥ് റായ് (കർണാടക സംഘ), മീര രവി (സലാം ബഹ്റൈൻ), ശാരദാ അജിത്ത് (ഇന്ത്യൻ ലേഡീസ് അസോസിയേഷൻ), വിജയ് (തെലങ്കാന ജഗ്രിതി അസോസിയേഷൻ) തുടങ്ങി നിരവധി വ്യക്തിത്വങ്ങളും പങ്കാളികളായി.
പ്രാർഥനയിൽ അവസാനം മരിച്ചവരുടെ ആത്മാക്കൾക്ക് നിത്യശാന്തി നേർന്നുകൊണ്ട് എല്ലാവരും ദീപം തെളിയിച്ചു.