മനാമ : ബഹ്‌റൈൻ പ്രതിഭയുടെ 14 മത് നാടകമായി ജൂൺ 14 വെള്ളിയാഴ്‌ച വൈകിട്ട് ഏഴു മണി മുതൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ അവതരിപ്പിക്കുന്ന ‘അമ്മ ” എന്ന നാടകത്തിന്റെ സംഘാടന ചുമതല വഹിക്കുവാൻ പ്രതിഭയുടെ നേതൃത്വത്തിൽ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ബഹ്‌റൈൻ പ്രതിഭ ആസ്ഥാനത്തു ചേർന്ന സമിതി രൂപീകരണ യോഗത്തിൽ പ്രതിഭ പ്രസിഡന്റ് മഹേഷ് മൊറാഴ അധ്യക്ഷം വഹിച്ചു. പ്രതിഭ ജോയിന്റ് സെക്രട്ടറി ലിവിൻ കുമാർ സ്വാഗതം പറഞ്ഞു. പ്രതിഭ സീനിയർ നേതാവ് പി ശ്രീജിത്ത് യോഗം ഉദ്‌ഘാടനം ചെയ്തു.
ബഹ്‌റൈൻ കേരളീയ സമാജം വൈസ് പ്രസിഡന്റും നാടക സംവിധായകനും ആയ പി. എൻ മോഹൻരാജ്, സി വി നാരായണൻ, പി ടി നാരായണൻ, എ വി അശോകൻ, കെ സതീന്ദ്രൻ, എൻ കെ വീരമണി എന്നിവർ ആശംസ പ്രസംഗം നടത്തി. ബഹ്‌റൈൻ പ്രതിഭയുടെ പതിനാലാമതു നാടകം ആണ് ‘അമ്മ’. 1986 ൽ കെ .എസ. നമ്പൂതിരിയുടെ പതനം എന്ന നാടകം അവതരിപ്പിച്ചു കൊണ്ടായിരുന്നു നാടക പ്രവർത്തനങ്ങൾക്ക് പ്രതിഭ തുടക്കം കുറിച്ചത്. തുടർന്ന് യന്ത്രപ്പാവ, മേടപ്പത്ത് , രാജസഭ, കരിങ്കുരങ്, ട്രൂത്ത് ഇന്ത്യ ടി വി ചാനൽ, നമ്മളൊന്ന്, ഒരു വാക്കിനും അപ്പുറം തുടങ്ങി പതിമ്മൂന്നു നാടകങ്ങൾ ബഹറിനിൽ അവതരിപ്പിച്ചു.
ചെറുകാടിന്റെ നമ്മളൊന്ന് മുതൽ ആണ് പ്രസിദ്ധ സാഹിത്യ കൃതികളെ അടിസ്ഥാനമാക്കിയുള്ള നാടകങ്ങൾ അവതരിപ്പിച്ചു തുടങ്ങുന്നത്. ആ ഗണത്തിലെ മൂന്നാമത്തെ നാടകം ആണ് ‘അമ്മ’. സുപ്രസിദ്ധ റഷ്യൻ സാഹിത്യകാരൻ ദസ്തോവിസ്കിയുടെ ജീവിതത്തെയും സാഹിത്യ കൃതികളെയും ആസ്പദമാക്കി അവതരിപ്പിച്ച ഒരു വാക്കിനും അപ്പുറം എന്ന നാടകം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു . അതിനു ശേഷം ആണ് മാക്സിം ഗോർക്കിയുടെ ‘അമ്മ’ എന്ന വിശ്വപ്രസിദ്ധ കൃതിയുടെ സ്വതന്ത്ര നാടകാവിഷ്കാരവും ആയി പ്രതിഭ അരങ്ങിൽ എത്തുന്നത്.
സ്വതന്ത്ര ആവിഷ്കാര നാടക രചന നിർവഹിച്ചിരിക്കുന്നത് പ്രസിദ്ധ നാടക പ്രവർത്തകനും നിരവധി അവാർഡ് ജേതാവും ആയ സാം കുട്ടി പട്ടങ്കരി ആണ്. പി എൻ മോഹൻരാജ് ആണ് സംവിധാന ചുമതല വഹിക്കുന്നത്. അരങ്ങിലും അണിയറയിലും പരിപൂർണമായി പ്രതിഭ അംഗങ്ങൾ മാത്രം പങ്കെടുക്കുന്നു എന്ന പ്രത്യേകതയും പ്രതിഭ നാടകങ്ങൾക്കുണ്ട്. പ്രതിഭ നാടക വേദിയുടെ പ്രവർത്തകർ ആണ് അരങ്ങിലും അണിയറയിലും. എൻ കെ വീരമണി ജനറൽ കൺവീനറും, പി. എൻ മോഹൻരാജ് സംവിധയകനും ആണ്. നാടകവേദി കൺവീനർ വിനോദ് സി ദേവൻ, പ്രദീപ് പത്തേരി എന്നവർ ആണ് സംഘാടക സമിതി ജോയിന്റ് കൺവീനർമാർ