മനാമ: ഇന്ത്യൻ സ്‌കൂൾ കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റിന്റെ ഭാഗമായി ഒക്ടോബർ 28നു ശനിയാഴ്ച നടക്കുന്ന ക്രിക്കറ്റ് ഫൈനലിൽ ഇന്റർ സ്റ്റേറ്റ് വിഭാഗത്തിൽ മഹാരാഷ്ട്ര എയും കർണാടക എയും കിരീടത്തിനായി മത്സരിക്കും. ഓപ്പൺ ടീം വിഭാഗത്തിൽ, ഷഹീൻ ഗ്രൂപ്പ് എ, റിഫ ഇന്ത്യൻ സ്റ്റാറിനെ നേരിടും.
കായികപ്രേമികളെ ആവേശഭരിതരാക്കുന്ന തുല്യ ശക്തികൾ തമ്മിലുള്ള പോരാട്ടമാണ് ഈ രണ്ട് ഫൈനൽ മത്സരങ്ങളിലും അരങ്ങേറുക. ഇന്ത്യൻ എംബസിയുടെ രക്ഷാധികാരത്തിലാണ് ഇന്ത്യൻ കമ്മ്യുണിറ്റി ഫെസ്റ്റ് 2023 നടക്കുന്നത്. ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസിലെ ഫ്ലഡ്‌ലൈറ്റ് ഗ്രൗണ്ടിൽ വൈകുന്നേരം 5:30 ന് ഇന്റർ സ്റ്റേറ്റ് വിഭാഗം ഫൈനൽ മത്സരം നടക്കും. തുടർന്ന് ഓപ്പൺ വിഭാഗം ഫൈനൽ മത്സരം വൈകുന്നേരം 7 മണിക്ക് ആരംഭിക്കും. മത്സരങ്ങൾക്ക് ശേഷം സമ്മാന ദാന ചടങ്ങ് 8.30ന് കാമ്പസിലെ ജഷൻമൽ ഓഡിറ്റോറിയത്തിൽ നടക്കും. ക്രിക്കറ്റ്, ചെസ് ജേതാക്കളെ ഗ്രാൻഡ് ഫിനാലെയിൽ അനുമോദിക്കും.
നാല് മാസമായി നടക്കുന്ന ഈ ക്രിക്കറ്റ് ടൂർണമെന്റ് ഏറ്റവും വിജയകരമാക്കുന്നതിൽ പങ്കുവഹിച്ച എല്ലാ ടീമുകൾക്കും മെമന്റോകൾ സമർപ്പിക്കും. ആവേശകരമായ മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഏവരെയും ക്ഷണിക്കുന്നതായി ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, സ്പോർട്സ് ചുമതല വഹിക്കുന്ന സ്‌കൂൾ ഭരണസമിതി അംഗം രാജേഷ് നമ്പ്യാർ എന്നിവർ പറഞ്ഞു.