മനാമ: ഗസ്സയിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീനികളെ സഹായിക്കാനായി ലുലു ഗ്രൂപ് 25,000 ദീനാർ സംഭാവന നൽകി. ഗസ്സ ദുരിതാശ്വാസത്തിനായി സംഭാവനകൾ സ്വരൂപിക്കുന്നതിന് രാജ്യവ്യാപകമായി നടക്കുന്ന പ്രചാരണ പരിപാടികളിൽ ലുലു ഗ്രൂപ് പങ്കുചേരും.
ലുലു ഗ്രൂപ് ഡയറക്ടർ ജുസർ രൂപാവാല റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അസ്സയിദിന് 25,000 ദീനാർ സംഭാവന കൈമാറി. ബഹ്റൈനിൽ ഉടനീളമുള്ള എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലെയും ചെക്ക്-ഔട്ട് കൗണ്ടറുകളിൽ പൊതുജനങ്ങൾക്ക് എത്ര തുക വേണമെങ്കിലും സംഭാവന ചെയ്യാനുള്ള സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ലുലു ഗ്രൂപ്പിന്റെ ഉദാരമായ സംഭാവനക്ക് ഡോ. മുസ്തഫ അസ്സയിദ് നന്ദി പറയുകയും പൊതുജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ അഭ്യർഥിക്കുകയും ചെയ്തു.
മാനുഷിക പ്രവർത്തനത്തിന്റെയും യുവജന കാര്യങ്ങളുടെയും ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ സംഭാവന നൽകാൻ ആഹ്വാനം ചെയ്തിരുന്നു. ഫലസ്തീനികളെ സഹായിക്കുക എന്ന രാജ്യത്തിന്റെ മഹത്തായ ലക്ഷ്യത്തിനുള്ള പിന്തുണയാണ് ലുലുവിന്റെ സംഭാവനയെന്ന് ലുലു ഗ്രൂപ് ഡയറക്ടർ ജുസർ രൂപാവാല പറഞ്ഞു.