ബി.കെ.എസ് – ഡി.സി അന്താരാഷ്ട്ര പുസ്തകോത്സവം നവംബർ 9 മുതല്‍ 18 വരെ; എഴുത്തുകാരും സാംസ്‌കാരിക- രാഷ്ട്രീയ പ്രവര്‍ത്തകരും ബഹ്‌റൈനിലെത്തും

New Project - 2023-11-08T163306.650

മനാമ: ഇന്ത്യയിലെ പ്രമുഖ പുസ്തക പ്രസാധകരായ ഡി.സി ബുക്സും ബഹ്റൈൻ കേരളീയ സമാജവും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തക മേളയ്ക്കും സാംസ്കാരികോത്സവത്തിനും നവംബർ 9 ന് തുടക്കമാകും.

വൈകിട്ട് 8 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ വിനോദ്.കെ.ജേക്കബ് മുഖ്യാതിഥിയായും ബഹ്റൈൻ അറോറിറ്റി ഫോർ കൾച്ചറൽ ആൻ്റ് ആൻ്റിക്വിറ്റീസിൻ്റെ ഡയറക്ടർ ഹുദ സെയ്ദ് അബ്ദുൾഗാഫർ അൽ അലവി വിശിഷ്ടാതിഥിയായും പങ്കെടുക്കും.

നവംബർ 9 മുതല്‍ 18 വരെ നീണ്ടു നിൽക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിലും സാംസ്‌കാരികോത്സവത്തിലും പി.എസ് ശ്രീധരൻ പിള്ള, എം എ ബേബി, സാഗരിക ഘോഷ്, മുരളി തുമ്മാരുകുടി, സന്തോഷ് ജോർജ്ജ് കുളങ്ങര, വി.ജെ. ജയിംസ്, ചെഫ് പിള്ള, എം.വി.നികേഷ് കുമാർ, രാവുണ്ണി തുടങ്ങി പ്രശസ്തരായ നിരവധി എഴുത്തുകാരും സാംസ്‌കാരിക- രാഷ്ട്രീയ പ്രവര്‍ത്തകരും വിവിധ ദിവസങ്ങളിൽ അതിഥികളായി പങ്കെടുക്കുമെന്ന് സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

മേളയുടെ ഭാഗമായി നിരവധി കലാപരിപാടികളും വിവിധ ദിനങ്ങളിലായി ഒരുക്കിയിട്ടുണ്ട്. പുസ്തകമേളയോടനുബന്ധിച്ച് ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ അയ്യായിരത്തിലധികം ശീർഷകങ്ങളിലുള്ള ഒരു ലക്ഷത്തിലധികം പുസ്തകങ്ങളാണ് വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. കഥ, കവിത, നോവല്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ബാലസാഹിത്യഗ്രന്ഥങ്ങള്‍, ഡിക്ഷ്ണറികള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, മത്സരപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍, പാചകം, യാത്രാവിവരണങ്ങള്‍, ജീവചരിത്രങ്ങള്‍, ആത്മകഥ, ആരോഗ്യം തുടങ്ങി വിവിധ വിഭാഗങ്ങളിലായി നിരവധി മലയാളം-ഇംഗ്ലീഷ് കൃതികള്‍ മേളയില്‍ ലഭ്യമാകും.

പുസ്തകമേളയോടനുബന്ധിച്ച് സമാജം ഫോട്ടോഗ്രാഫി ക്ലബ്ബ് സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി പ്രദർശനത്തിനും ഇതോടൊപ്പം തുടക്കമാകും.

സാംസ്കാരികോത്സവത്തിൻ്റെ ഭാഗമായി സമാജം ചിത്രകലാ ക്ലബ്ബ് ഒരുക്കുന്ന സമൂഹ ചിത്രരചന വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ആരംഭിക്കും. “സമാധാനത്തിനായുള്ള കല” എന്ന വിഷയത്തിൽ നടത്തുന്ന ഈ സമൂഹവരയിൽ ബഹ്റൈനിലെ പ്രമുഖ ചിത്രകാരന്മാരും ചിത്രകാരികളുമടക്കം നൂറിലധികം പേർ പങ്കെടുക്കും. കൂടാതെ, എല്ലാ ദിവസവും സാഹിത്യ സാംസ്കാരിക പരിപാടികളും പ്രമുഖരുമായുളള മുഖാമുഖങ്ങളും ഉണ്ടാകുമെന്ന് സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്രയും ജനറൽ കൺവീനർ ബിനു വേലിയിൽ, സാഹിത്യ വിഭാഗം കൺവീനർമാരായ പ്രശാന്ത് മുരളീധർ, അനഘ രാജീവ് എന്നിവരും അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!