മനാമ: ഇന്ത്യന്‍ സ്കൂളിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതി നിലവിൽവരേണ്ടതുണ്ടെന്ന് യുനൈറ്റഡ് പാരന്റ്സ് പാനൽ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനത്തെ സംരക്ഷിക്കേണ്ടതുണ്ട്. സ്കൂളിന്റെ പഠനനിലവാരവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തേണ്ടതുണ്ട്.
നിലവിലുളള കാവല്‍ ഭരണസമിതിയിലെ വൈസ് ചെയര്മാന് ഭരണസമിതിക്കെതിരെ പരസ്യമായി ചേരി തിരിഞ്ഞതില്‍ രക്ഷിതാക്കള്‍ ആശങ്കാകുലരാണ്. നിജ സ്ഥിതി രക്ഷിതാക്കളെയും പൊതു സമൂഹത്തേയും ബന്ധപ്പെട്ടവര്‍ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അദ്ദേഹം ഭരണസമിതിയില്‍ നിന്നും രാജി വെച്ചിട്ടുണ്ടോ എന്ന് വെളിപ്പെടുത്തണമെന്നും യു.പി.പി പത്രസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു. ബൈലോ അടിസ്ഥാനമാക്കി പ്രവർത്തിക്കാൻ ഏവരും ബാധ്യസ്ഥരാണ്. സ്കൂളിനെയും വിദ്യാർഥികളെയും ബാധിക്കുന്ന ഗൗരവതരമായ വിഷയങ്ങളോട് ഭരണസമിതി പ്രതികരിക്കുന്നില്ലെന്ന് യു.പി.പി നേതാക്കള്‍ ആരോപിച്ചു. വാർത്തസമ്മേളനത്തിൽ യു.പി.പി കണ്‍വീനര്‍മാരായ ബിജു ജോർജ്, ഹരീഷ് നായര്‍, ജാവേദ് പാഷ, റുമൈസ അബ്ബാസ്, മുന്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്മാന് എബ്രഹാം ജോണ്‍, യു.പി.പി കോഓഡിനേറ്റര്‍ യു.കെ. അനില്‍,സെക്രട്ടറി ജ്യോതിഷ് പണിക്കര്‍, എഫ്.എം. ഫൈസല്‍, അബ്ബാസ് സേഠ്, ജിന്റോ എന്നിവര്‍ പങ്കെടുത്തു.