മനാമ: ഇന്ത്യൻ സ്കൂൾ തെരഞ്ഞെടുപ്പിൽ ഇൻഡക്സ് ബഹ്റൈൻ പി.പി.എ പാനലിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ പിന്തുണക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഭരണ സമിതി കാലാവധിയായ മൂന്നു വർഷമോ അതിൽ കൂടുതലോ രക്ഷിതാവായിരിക്കുന്നവരെ മാത്രമാണ് പി.പി.എ സ്ഥാനാർഥികളാക്കിയിരിക്കുന്നതെന്നും തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും രക്ഷിതാവല്ലാതായി തീരുന്നവർക്ക് പിന്തുണ നൽകാൻ സാധ്യമല്ലെന്നും ഇൻഡക്സ് നിലപാട് വ്യക്തമാക്കി.
കോവിഡ് കാലത്ത് സ്റ്റാഫിനെയും കുട്ടികളെയും ബുദ്ധിമുട്ടിക്കാതെതന്നെ സാങ്കേതിക വിദ്യകളുടെ സഹായത്താൽ പഠനം സുഗമമായി കൊണ്ടുപോകാൻ നടത്തിയ പ്രവർത്തനങ്ങൾ, മൂന്നു വർഷക്കാലം അധികമായി അധികാരത്തിലിരുന്നിട്ടും ഒരു തരത്തിലുമുള്ള സാമ്പത്തിക ക്രമക്കേടുകൾ ഉയർന്നുവന്നിട്ടില്ല എന്നിവയാണ് പി.പി.എ പാനലിനെ പിന്തുണക്കാനുള്ള കാരണങ്ങൾ.
സ്വാർഥതാൽപര്യങ്ങൾ മാത്രം മുന്നിൽക്കണ്ട് പാനലുകൾ ഉണ്ടാക്കുന്നവരുടെ ഉദ്ദേശ്യങ്ങൾ തിരിച്ചറിയാനുള്ള കാര്യശേഷിയും ബോധ്യവും രക്ഷിതാക്കൾക്കുണ്ടായിരിക്കണം എന്ന് ഇൻഡക്സ് ഭാരവാഹികൾ ആവശ്യപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കൾ ആയിരിക്കണം സ്കൂൾ ഭരിക്കേണ്ടത്. പിൻവാതിൽ ഭരണം ആഗ്രഹിക്കുന്നവരെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാൻ കഴിയില്ല.
വാർത്ത സമ്മേളനത്തിൽ റഫീക്ക് അബ്ദുള്ള, അശോക് കുമാർ, അനീഷ് വർഗീസ്, അജി ഭാസി, തിരുപ്പതി, ജൂഡ് വെയ്ലൻഡ്, ശശി, വിവിധ് ചന്ദ്രൻ, സുജിത്, രാജേഷ് ബാബു, സെന്തിൽ, ശിഹാബ്, മുരുകൻ, ബാബു എന്നീ രക്ഷിതാക്കളും സേവി മാത്തുണ്ണി, കെ.ആർ. ഉണ്ണി, സാനി പോൾ, ലത്തീഫ് ആയഞ്ചേരി, സുരേഷ് ദേശികൻ മജീദ് തണൽ എന്നീ ഇൻഡക്സ് ഭാരവാഹികൾ പങ്കെടുത്തു.