ഇന്ത്യ മുന്നണിക്ക് കൂടുതൽ കൃത്യതയും വിശാലതയുമുള്ള രാഷ്ട്രീയ മുന്നേറ്റം അനിവാര്യം: പ്രവാസി വെൽഫെയർ

pravasi welfare

മനാമ: തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രതിപക്ഷ മുന്നണിയുടെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട കൂടുതൽ ഗൗരവമായ ആലോചനകൾ ആവശ്യപ്പെടുന്നുണ്ടെന്ന് പ്രവാസി വെൽഫെയർ എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.

ഇന്ത്യൻ ജനതയെ ആഴത്തിൽ സ്വാധീനിച്ചിരിക്കുന്ന വിദ്വേഷ രാഷ്ട്രീയത്തെ കേവല തെരഞ്ഞെടുപ്പ് സംഘാടനം കൊണ്ട് മാത്രം പ്രതിരോധിക്കാൻ സാധിക്കുമെന്ന ഉപരിപ്ലവമായ രാഷ്ട്രീയ സമീപനം ഒരിക്കലും പരിഹാരമല്ല. വംശീയതയിൽ അധിഷ്ഠിതമായ സാമൂഹ്യഘടനയെ പ്രതിരോധിക്കാനുള്ള ആലോചനയാണ് ഉയർന്നു വരേണ്ടത്. അതിന് സാമൂഹ്യ ഘടനയെ തന്നെ മാറ്റിപ്പണിയുന്ന പരിശ്രമം അനിവാര്യമാണ്.

തെരെഞ്ഞെടുപ്പു നടക്കുമ്പോഴും പരസ്പരമുള്ള അധികാര തർക്കവും തള്ളിപ്പറയലുകളുമായി ജനങ്ങൾക്ക് അവജ്ഞയുണ്ടാക്കുന്ന സമീപനമാണ് ഇന്ത്യ മുന്നണിയിലെ കക്ഷികൾ പുലർത്തിയത്. കോൺഗ്രസിന് ഇതിൽ വലിയ ഉത്തരവാദിത്വം ഉണ്ട്. പരമാവധി കക്ഷികളെ ഉൾക്കൊള്ളാൻ ശ്രമിച്ച തെലുങ്കാനയിൽ നേടിയ വിജയവും പാഠമാണ്. ഇന്ത്യ മുന്നണി കൂടുതൽ വിശാലമാക്കുകയും ദലിത് പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ പ്രതിനിധാനങ്ങളെയും ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ അത് വിപുലപ്പെടുത്തുകയും വേണം എന്ന് പ്രവാസി വെൽഫെയർ പ്രസ്താവനയിൽ പറഞ്ഞു.

കൃത്യമായ രാഷ്ട്രീയ നയങ്ങളിൽ നിന്നു ഇന്ത്യ മുന്നണി വിശാല രാഷ്ട്രീയ ചേരി ശക്തിപ്പെടുത്തണം. ഇന്ത്യാ മുന്നണി എന്നത് പാർലമെന്റ് തെരഞ്ഞെടുപ്പിന് മാത്രമുള്ളതാണ് എന്ന സമീപനത്തിന് ലഭിച്ച തിരിച്ചടി കൂടിയാണ് ഈ ഫലം. ഈ പോരായ്മ പരിഹരിക്കാൻ കഴിഞ്ഞാലെ 2024 ലെ പൊതു തെരെഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിക്ക് വിജയിക്കാനാകൂ. ധാർമിക മുന്നേറ്റങ്ങളെ രാഷ്ട്രീയമായും സാമൂഹികമായും ജനകീയമായും പിന്തുണക്കാൻ ആഗ്രഹിക്കുന്ന ഒരു വലിയ ജനസഞ്ചയം ഇപ്പോഴും രാജ്യത്ത് നിലയുറപ്പിക്കുന്നുണ്ടെന്നത് ഈ തിരിച്ചടിക്ക് ഇടയിലും പ്രതീക്ഷ നൽകുന്ന ഒന്നാണ്. അത്തരം ജനസമൂഹത്തെ കൂടുതൽ വിപുലപ്പെടുത്തി ഫാസിസത്തെ പരാജയപ്പെടുത്താനുള്ള പോരാട്ടം അതിശക്തമായി തുടരണം എന്നാണ് തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന എന്ന് പ്രവാസി വെൽഫെയർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!