17-ാമത് ലോക്സഭാ തിരഞ്ഞെടുപ്പ്‌ അവസാനഘട്ടത്തിൽ; കണ്ണൂരിലും കാസർകോടും ഏഴ് ബൂത്തുകളിൽ റീപോളിങ് ഇന്ന്

17-ാമത് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ ഇന്ന് ഏഴ് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തുമായി 59 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണാസി ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ആദ്യമണിക്കൂറില്‍ ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തി. യു പി, പഞ്ചാബ് (13 സീറ്റുകള്‍ വീതം), പശ്ചിമ ബംഗാള്‍ (ഒമ്പത്), ബീഹാര്‍ (എട്ട്), ഢാര്‍ഖണ്ഡ് (മൂന്ന്), ഹിമാചല്‍ പ്രദേശ് (നാല്), കേന്ദ്ര ഭരണ പ്രദേശമായ ചണ്ഢീഗഢ് എന്നിവിടങ്ങളാണ് ജനവിധിയെ അഭിമുഖീകരിക്കുന്നത്.

കള്ളവോട്ട് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വോട്ടെടുപ്പ് റദ്ദാക്കിയ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ഏഴുബൂത്തുകളിലെ റീപോളിങും ഇന്ന് നടക്കുന്നു. കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ നാലും കണ്ണൂരിലെ മൂന്നും ബൂത്തുകളിലാണ് ഇന്ന് റീപോളിങ്. കര്‍ശന സുരക്ഷാസംവിധാനമാണ് എല്ലായിടത്തും ഒരുക്കിയിരിക്കുന്നത്. രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെ റീപോളിങ് നടക്കുന്ന ബൂത്തുകളില്‍ കര്‍ശനമായ നിരീക്ഷണസംവിധാനങ്ങള്‍ ഒരുക്കിയതായി കണ്ണൂര്‍ കളക്ടര്‍ മീര്‍ മുഹമ്മദലിയും കാസര്‍കോട് കളക്ടര്‍ ഡോ. ഡി. സജിത്ബാബുവും അറിയിച്ചു. മെയ് 23 ന് 17-ാമത് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വിധി പ്രഖ്യാപനം നടക്കും.