മനാമ: ബഹ്റൈനിലെ സെർട്ടിഫൈഡ് കൗൺസിലർമാരുടെ സംഘടനയായ പ്രവാസി ഗൈഡൻസ് ഫോറം എല്ലാ വർഷവും നൽകി വരുന്ന കർമ്മജ്യോതി പുരസ്കാരത്തിന് ഈ വർഷം ബഹ്റൈനിലെ സാമൂഹ്യപ്രവർത്തനരംഗത്ത് നിസ്തുലമായ സംഭാവനകൾ നൽകി വരുന്ന മനോജ് വടകരയെ തെരഞ്ഞെടുത്തതായി പിജിഎഫ് ഭാരവാഹികള്‍ അറിയിച്ചു. ഡോ. ബാബു രാമചന്ദ്രൻ, ചന്ദ്രൻ തിക്കോടി, എസ്. വി. ജലീൽ, ഫ്രാൻസിസ് കൈതാരത്ത്, സലാം മമ്പാട്ടുമൂല, പി വി രാധാകൃഷ്ണ പിള്ള, സുബൈർ കണ്ണൂർ, പി ഉണ്ണികൃഷ്ണൻ എന്നിവർക്കാണ് മുൻ വർഷങ്ങളിൽ ഈ പുരസ്കാരം നൽകിയത്.
ഇതോടൊപ്പം സംഘടനയുടെ അംഗങ്ങൾക്കായി നൽകിവരാറുള്ള പുരസ്കാരങ്ങളും പ്രഖ്യാപ്പിച്ചു. പിജിഎഫ് ജ്വവൽ അവാർഡ് ഇ കെ സലീമിനും, പിജിഎഫ് പ്രോഡിജി അവാർഡ് ജയശ്രീ സോമനാഥ്, മുഹ്സിന മുജീബ് എന്നിവർക്കും നൽകും. ബിജു തോമസ്, ബിനു ബിജു എന്നിവരാണ് മികച്ച ഫാക്വൽറ്റി പുരസ്കാരത്തിന് അർഹരായത്. മികച്ച മെന്ററായി ഉണ്ണികൃഷ്ണനും, മികച്ച കൗൺസിലറായി ലീബ ചെന്തുരുത്തിയും തെരഞ്ഞെടുക്കപ്പെട്ടു. സംഘടന്ക്കുള്ളിലെ മികച്ച സാമൂഹ്യപ്രവർത്തകനായുള്ള അവാർഡ് ഫാസിൽ താമരശേരിക്ക് സമ്മാനിക്കും. പിജിഎഫ് നടത്തിവരുന്ന യൂത്ത് ലീഡർഷിപ്പ് പ്രൊഗ്രാമിൽ മികച്ച അവതരണം നടത്തുന്ന വിദ്യാർത്ഥികൾക്കുള്ള മെഡിലുകളും പരിപാടിയിൽ വിതരണം ചെയ്യും.
ഫെബ്രവരി 2ന് സഗയയിലെ കേരള കാത്തലിക് അസോസിയേഷൻ ഹാളിൽ വെച്ച് നടക്കുന്ന പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ പതിനഞ്ചാം വാർഷികയോഗത്തിൽ ഈ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് പ്രവാസി ഗൈഡൻസ് ഫോറം ഭാരവാഹികൾ അറിയിച്ചു. പ്രശസ്ത കൗണ്‍സിലിങ്ങ് വിദഗ്ധന്‍ ഡോ. ജോണ്‍ പനക്കല്‍ ചെയര്‍മാനും, മാധ്യമപ്രവര്‍ത്തകന്‍ പ്രദീപ് പുറവങ്കര വര്‍ക്കിങ്ങ് ചെയര്‍മാനായുമുള്ള അഡ്വൈസി ബോര്‍ഡിന്റെ കീഴില്‍ ലത്തീഫ് കോലിക്കൽ പ്രസിഡണ്ടും, വിമല തോമസ് ജനറല്‍ സെക്രട്ടറിയുമായുള്ള 25 അംഗം നിര്‍വാഹക സമിതിയാണ് നോര്‍ക്ക അംഗീകൃതമായ പ്രവാസി ഗൈഡന്‍സ് ഫോറത്തിനെ നയിക്കുന്നത്. കൗൺസിലിങ്ങ് രംഗത്ത് നടത്തി വരുന്ന പ്രവർത്തനങ്ങൾക്കൊപ്പം വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും പിജിഎഫ് നടത്തിവരുന്നുണ്ട്. കൗണ്‍സിലിങ്ങില്‍ ഡിപ്ലോമ നേടിയ നൂറ്റി അമ്പതോളം സജീവ അംഗങ്ങളാണ് സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത്.