മനാമ: വൈദ്യുതി ഉപയോഗം ഗണ്യമായി കുറയ്ക്കാൻ സഹായകരമാവുന്ന രീതിയിൽ ഇന്ത്യൻ സ്‌കൂൾ ഇസ ടൗണിലെയും റിഫയിലെയും കാമ്പസുകളിൽ വൻ സോളാർ പവർ പ്ലാന്റുകൾ സഥാപിക്കും. സൗരോർജ്ജം പ്രയോജനപ്പെടുത്തുന്നതിനായി കാനു ക്ലീൻമാക്സ് റിന്യൂവബിൾസ് അസറ്റ്‌കോ കമ്പനിയുടെ സഹകരണത്തോടെയാണ് ഈ സംരംഭം.
വരാനിരിക്കുന്ന മാസങ്ങളിൽ സ്‌കൂളിന്റെ ഊർജ്ജ ആവശ്യങ്ങൾ സുസ്ഥിരമായി നിറവേറ്റുന്നതിനുള്ള സുപ്രധാന മുന്നേറ്റമായിരിക്കും സോളാർ പാനലുകൾ സ്ഥാപിക്കാനുള്ള ഈ പദ്ധതി. പ്രതിവർഷം 1,866,600 യൂണിറ്റ് ഉത്പാദിപ്പിക്കുന്ന ഒരു സൗരോർജ്ജ നിലയമായിരിക്കും സ്ഥാപിക്കുക. രണ്ടു സ്കൂൾ കാമ്പസുകളിലെയും നിലവിലെ ഊർജ്ജ ഉപയോഗത്തിന്റെ 63 മുതൽ 64% വരെ ഈ പദ്ധതിയിലൂടെ ഉൽപ്പാദിപ്പിക്കപ്പെടും.
കാൽ നൂറ്റാണ്ടു കാലയളവിൽ സോളാർ പ്ലാന്റ് മൊത്തം 43,334,821 യൂണിറ്റ് ഊർജം ഉൽപ്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തിന്റെ പുനരുപയോഗ ഊർജ നയവുമായി പൊരുത്തപ്പെടുന്ന ഈ പദ്ധതി സ്‌കൂളിന്റെ പരിസ്ഥിതി സുസ്ഥിരതയോടുള്ള പ്രതിബദ്ധത പ്രകടമാക്കുന്നു. സോളാർ പവർ പർച്ചേസ് കരാർ (പിപിഎ) പ്രകാരം കാനൂ ക്ലീൻമാക്സ് റിന്യൂവബിൾസ് അസറ്റ്കോ കമ്പനി രണ്ട് കാമ്പസുകളിലും സൗരോർജ്ജ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ചുമതല വഹിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യൻ സ്‌കൂളും കാനൂ ക്ലീൻമാക്സ് റിന്യൂവബിൾസ് അസറ്റ്കോയും സോളാർ പവർ പർച്ചേസ് കരാറിൽ ഒപ്പുവെച്ചു.
സ്‌കൂളിന് യാതൊരു സാമ്പത്തിക ബാധ്യതയും ഇതുവഴി ഉണ്ടാവില്ല.1099 kW കപ്പാസിറ്റിക്കായി ഇന്ത്യൻ സ്‌കൂൾ 25 വർഷത്തെ പാട്ട കരാറിലാണ് ഒപ്പുവെച്ചത്. പ്രോജക്ട് കൺസൾട്ടന്റായി ടെക്‌നോളജി എൻജിനീയറിങ്ങിനെ നിയമിച്ചു. പദ്ധതി കരാറിന്റെ ഔദ്യോഗിക കൈമാറ്റം സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, ഭരണ സമിതി അംഗം അംഗം (ഫിനാൻസ്-ലീഗൽ അഫയേഴ്സ്) ബിനു മണ്ണിൽ വറുഗീസ് എന്നിവരുടെ സാനിധ്യത്തിൽ നടന്നു.
കാനൂ ക്ലീൻമാക്സ് റിന്യൂവബിൾസ് അസറ്റ്കോയെ പ്രതിനിധീകരിച്ച് സെയിൽസ് മാനേജർ മുഹമ്മദ് പർവേസ് മുസ്തഫയും സരിൻ രാജീവൻ പുത്തലത്തും പങ്കെടുത്തു. സ്‌കൂൾ വൈസ് ചെയർമാൻ ജയഫർ മൈദാനി, ആരോഗ്യ പരിസ്ഥിതി ചുമതല വഹിക്കുന്ന ഭരണ സമിതി അംഗം അജയകൃഷ്ണൻ വി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ സന്നിഹിതരായിരുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള യുനെസ്‌കോ-അഫിലിയേറ്റഡ് സ്ഥാപനമായ ഇന്ത്യൻ സ്‌കൂളിന്റെ പ്രതിബദ്ധത അടിവരയിടുന്ന ഈ സംരംഭത്തിലൂടെ സ്‌കൂളിന് വൈദ്യുതി ബില്ലിൽ ഗണ്യമായ ചിലവ് ലാഭിക്കുന്നതിന് സാധിക്കും. ഇക്കഴിഞ്ഞ മാർച്ച് 10നു നടന്ന സ്കൂളിന്റെ വാർഷിക ജനറൽ ബോഡി യോഗത്തിൽ ഈ പദ്ധതിക്ക് അംഗീകാരം ലഭിച്ചിരുന്നു.