മനാമ: പ്രതിഭ മുഹറഖ് മേഖല വനിത വേദിയുടെ ആഭിമുഖ്യത്തിൽ മേഖല വനിതകളുടെ സംഗമം സംഘടിപ്പിച്ചു. ഒപ്പം ജീവിതരീതി രോഗമായ പ്രമേഹത്തെക്കുറിച്ചുള്ള അവബോധ ക്ലാസ് ബഹ്റൈൻ സ്പെഷാലിറ്റി ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഡയറ്റീഷ്യനും മുഹറഖ് യൂനിറ്റ് അംഗവുമായ റീഷ പി.എം എടുത്തു. മേഖലയിലെ ആറു യൂനിറ്റുകളിൽ നിന്നുള്ള വനിതകൾ പങ്കെടുത്ത ചടങ്ങിൽ മേഖല വനിതവേദി കൺവീനർ സജിത സതീഷ് സ്വാഗതം പറഞ്ഞു.
ഷീല ശശി അധ്യക്ഷത വഹിച്ചു. വനിതവേദി സെക്രട്ടറി റീഗ പ്രദീപ്, രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ എന്നിവർ സംസാരിച്ചു. പ്രമേഹ രോഗത്തെക്കുറിച്ചും നമ്മൾ ഭക്ഷണക്രമത്തിൽ അവലംബിക്കേണ്ട കരുതലുകളും ഒരു മണിക്കൂർ നീണ്ട ക്ലാസിൽ വിശദമായി പ്രതിപാദിച്ചു. തുടർന്ന് സദസ്സിൽനിന്നുള്ള ചോദ്യങ്ങൾക്ക് മറുപടിയും പറഞ്ഞു. മേഖല കമ്മിറ്റി അംഗം ദുർഗ കാശിനാഥ് നന്ദി പ്രകാശിപ്പിച്ചു.