മനാമ: നമ്മുടെ മാതൃരാജ്യത്ത് മതേതരത്വവും ജനാധിപത്യവും കാത്ത്പുലർത്താൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് മാത്രമേ സാധിക്കു എന്ന് ഒഐസിസിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നൂറ്റിമുപ്പത്തി ഒൻപതാമത് ജന്മദിന ആഘോഷങ്ങളിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ ഇല്ലായ്മ ചെയ്തുകൊണ്ടാണ് നമ്മുടെ ഭരണാധികാരികൾ മുന്നോട്ട് പോകുന്നത്.
നിയമ നിർമ്മാണ സഭകളിൽ എതിർ അഭിപ്രായങ്ങൾ പറയുന്ന ആളുകളെ ആഴ്ചകളോളവും, മാസങ്ങളോളവും പാർലമെന്റിൽ നിന്ന് പുറത്താക്കിയാണ് പുതിയ നിയമങ്ങൾ നിർമ്മിക്കുന്നതും, നിലവിലെ നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതും. ഇത് ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ തകർക്കുന്ന നടപടിയാണ്. ജനങ്ങൾ തിരഞ്ഞെടുത്തു വിടുന്ന ജനപ്രതിനിധികൾക്ക് നിയമനിർമ്മാണ സഭകളിൽ അഭിപ്രായം പറയാൻ പറ്റാത്ത അവസ്ഥയെ ഫാസിസമായി മാത്രമേ കാണുവാൻ സാധിക്കു. വിവിധ ഭരണഘടന സ്ഥാപനങ്ങളെ സർക്കാരിന്റെ വരിധിയിൽ നിർത്താൻ എന്തു ഹീനമായ നടപടിയും സർക്കാർ സ്വീകരിക്കുന്നത് മൂലം രാജ്യം അപകടകരമായ അവസ്ഥയിലേക്ക് പോകുന്നു എന്നതിന്റെ സൂചനയായി മാത്രമേ കാണുവാൻ സാധിക്കു എന്നും നേതാക്കൾ അഭിപ്രായപെട്ടു.
ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ച യോഗം ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം ഉത്ഘാടനം ചെയ്തു. ഒഐസിസി ദേശീയ നേതാക്കൾ ആയ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, രവി കണ്ണൂർ, ജവാദ് വക്കം, മനു മാത്യു, നിസാർ കുന്നംകുളത്തിൽ, അലക്സ് മഠത്തിൽ എന്നിവർ പ്രസംഗിച്ചു. ഒഐസിസി നേതാക്കളായ പ്രദീപ് മേപ്പയൂർ, സൈദ് എം എസ്,ഗിരീഷ് കാളിയത്ത്, നസിം തൊടിയൂർ,അഡ്വ. ഷാജി സാമൂവൽ, റംഷാദ് അയിലക്കാട്, പി ടി ജോസഫ്, ഷാജി പൊഴിയൂർ, രഞ്ചൻ കേച്ചേരി, രജിത് മൊട്ടപ്പാറ, ജോയ് ചുനക്കര, ബൈജു ചെന്നിത്തല, ശ്രീജിത്ത് പാനായി, ഷിബു ബഷീർ, വില്യം ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.