തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ഓവര്‍ബ്രിഡ്ജിന് സമീപത്തെ കുടകളും ബാഗുമെല്ലാം വിൽക്കുന്ന ചെല്ലം അബ്രല്ലാ മാര്‍ട്ടിലാണ് തീ പിടിത്തം ഉണ്ടായത്. കട പൂർണമായി കത്തി നശിക്കുകയും തീ സമീപത്തെ കടകളിലേക്കും വീടുകളിലേക്കും പടർന്നു പിടിക്കുകയും ആയിരുന്നു. 12 ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സംഭവ സ്ഥലത്തെത്തി ഒന്നരമണിക്കൂറോളം പരിശ്രമിച്ചതിന് ശേഷമാണ് തീ ഭാഗികമായി അണച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു ഫയര്‍മാന് പരിക്കേറ്റു.
രാവിലെ 9.30-ഓടെ കെട്ടിടത്തിന്റെ മുകളില്‍നിന്ന് പുക ഉയരുന്നത് കണ്ട് ജീവനക്കാര്‍ എത്തിയപ്പോഴേക്കും സ്ഥാപനത്തില്‍ തീ പടര്‍ന്നിരുന്നു. ഓടും ഷീറ്റും ഇട്ട കടകൾ ആയതിനാൽ തീ എളുപ്പം ആളിപടരുകയായിരുന്നു. നാല് കടകളിലേക്കും ഒരു വീട്ടിലേക്കും തീ പടര്‍ന്ന് പിടിച്ചിരുന്നു. ഗതാഗതം നിയന്ത്രിച്ചതിനെത്തുടർന്ന് വൻ ഗതാഗത കുരിക്കാണ് തലസ്ഥാന നഗരത്തിൽ അനുഭവപ്പെട്ടത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ഫയര്‍ഫോഴ്സും പൊലീസും ജില്ലാ ഭരണകൂടവും ഒരുമിച്ചാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നൽകിയത്.