മനാമ: കോഴിക്കോട് സ്വദേശിയായ കടയുടമ അടിയേറ്റ് മരിച്ച സംഭവത്തിൽ ബഹ്റൈനി സ്വദേശിയായ പ്രതിയെ റിമാൻഡ് ചെയ്തു. റിഫ ഹാജിയത്തിൽ 25 വർഷത്തോളം കോൾഡ് സ്റ്റോർ നടത്തിവരുന്ന കക്കോടി ചെറിയ കുളം സ്വദേശി കോയമ്പ്രത്ത് ബഷീറാണ് (58) മരിച്ചത്.
സംഭവത്തെത്തുടർന്ന് പിടിയിലായ 30 കാരനായ പ്രതിയെ റിമാൻഡ് ചെയ്യാൻ പബ്ലിക്ക് പ്രോസിക്യൂട്ടർ ഉത്തരവിടുകയായിരുന്നു. പ്രതി കടയിലെത്തുകയും സാധനം വാങ്ങിയ ശേഷം വില നൽകാതെ പോകാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്നാണ് തർക്കമുണ്ടായത്.
പണംനൽകാതെ പോയ ഇയാളെ പിന്തുടർന്ന ബഷീറിനെ കടക്ക് വെളിയിൽവെച്ച് പ്രതി അടിക്കുകയായിരുന്നുവെന്നാണ് കേസിൽ വ്യക്തമാക്കിയിട്ടുള്ളത്. അടിയേറ്റ് ബോധരഹിതനായ നിലയിലാണ് ബഷീറിനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.
നാലുദിവസമായി വെന്റിലേറ്ററിലായിരുന്ന ബഷീർ ചൊവ്വാഴ്ച രാവിലെ മരിച്ചു. മർദനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കെ.എം.സി.സി ലീഗൽ സെല്ലും മയ്യിത്ത് പരിപാലന വിങ്ങും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.
 
								 
															 
															 
															 
															 
															








