മനാമ: ഇന്ത്യ പരമാധികാര രാഷ്ട്രമായി രൂപപ്പെട്ടതിന്റെ ഓർമകൾ പുതുക്കി 75 മത് റിപബ്ലിക് ദിനമാഘോഷിക്കുന്ന വേളയിൽ രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ ഇന്ത്യക്കാർക്കും ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ആശംസകൾ നേർന്നു.
ഇന്ത്യയുടെ മഹിതമായ ഭരണഘടന നിലവിൽ വന്നതിന്റെ ദിവസമെന്ന നിലക്ക് ജനുവരി 26 ഏതൊരു ഇന്ത്യൻ പൗരന്റെയും അഭിമാന ദിവസം കൂടിയാണ്. ഭരണഘടന മുന്നോട്ടു വെക്കുന്ന ആശയങ്ങളൂന്നി രാജ്യം കരുത്തോടെ മുന്നോട്ടു പോകണമെന്നാണ് ഓരോ പൗരനും ആഗ്രഹിക്കുന്നത്. ഭരണഘടനാ ശിൽപികളിൽ പ്രമുഖനായ ഡോ. ബി.ആർ. അംബേദ്‌കർ മുന്നോട്ടു വെച്ച ഭരണഘടനാ മൂല്യങ്ങളെയും രാജ്യത്തിന്റെ പാരമ്പര്യങ്ങളെയും പൗരബോധമുള്ള ഏവരും മുറുകെ പിടിക്കാൻ ബാധ്യസ്ഥരാണ്.
രാജ്യത്തിന്റെ അഖണ്ഡതയും നാനാത്വത്തിൽ ഏകത്വവും കാത്തു സൂക്ഷിക്കാനും അതിന് പരിക്കേൽപിക്കുന്നവരെ ഒറ്റപ്പെടുത്താനും കഴിയേണ്ടതുണ്ടെന്നും ഫ്രന്റ്‌സ് അസോസിയേഷൻ പുറത്തിറക്കിയ ആശംസാ സന്ദേശത്തിൽ വ്യക്തമാക്കി.