മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ ) എഴുപത്തി അഞ്ചാം ഇന്ത്യൻ റിപ്പബ്ളിക്ക് ദിനത്തിൻ്റെ ഭാഗമായി രക്തദാന ക്യാമ്പ് സൽമാനിയ മെഡിക്കൽ കോംപ്ളക്സിൽ സംഘടിപ്പിച്ചു. രക്തം നല്കൂ ജീവൻ നല്കൂ എന്ന സന്ദേശവുമായി കെ.പി.എഫ് ചാരിറ്റി വിംഗിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രസ്തുത ക്യാമ്പ് ബഹുമാനപ്പെട്ട ഇന്ത്യൻ അംബാസഡർ ഹിസ് എക്സലൻസി വിനോദ് കുര്യൻ ജേക്കബ് ഉദ്ഘാടനം ചെയ്തു.
കെ.പി.എഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന് ജനറൽ സെക്രട്ടറി ഹരീഷ് പി.കെ സ്വാഗതവും സൽമാനിയ മെഡിക്കൽ കോപ്ലക്സ് ഡെപ്പ്യൂട്ടി സി. ഇ. ഒ ഡോ: റജ യൂസ്സഫ്, ഐ.സി.ആർ.എഫ് ചെയർമാൻ ഡോ: ബാബു രാമചന്ദ്രൻ എന്നിവർ ആശംസകളും അറിയിച്ചു. ഇന്ത്യ ബഹ്റൈൻ രാജ്യങ്ങൾ തമ്മിലുള്ള പരസ്പര സ്നേഹവും ഐക്യവും കരുതലും വളരെ വലുതാണെന്നും ഇന്ത്യൻ കമ്മ്യൂണിറ്റി രക്തദാനത്തിന് നല്കുന്ന സംഭാവന വളരെ മഹത്താന്നെന്നും അതിന് നന്ദിയുണ്ടെന്നും ആശംസ പ്രസംഗത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് – ബ്ലഡ് ബാങ്ക് എന്നിവയുടെ മേധാവികൾ കൂട്ടിച്ചേർത്തു.
കെ.പി.എഫ് ട്രഷറർ ഷാജി പുതുക്കുടി, രക്ഷാധികാരികളായ കെ.ടി സലീം,യു.കെ ബാലൻ, ലേഡീസ് വിംഗ് കൺവീനർ രമസന്തോഷ് എന്നിവരും ആശംസകളർപ്പിച്ച് സംസാരിച്ച യോഗത്തിന് ചാരിറ്റി കൺവീനർ സവിനേഷ് നന്ദിയും പറഞ്ഞു. കെ.പി.എഫ് എക്സിക്യുട്ടീവ് മെമ്പേഴ്സ്, ലേഡീസ് വിംഗ് പ്രതിനിധികൾ ചേർന്ന് ക്യാമ്പ് നിയന്ത്രിച്ചു.
പ്രസ്തുത ക്യാമ്പിൽ 150 ഓളം പേർ രക്തം കൊടുത്തതായും എല്ലാ മൂന്ന് മാസം കൂടുമ്പോഴും കെ.പി. എഫ് രക്ത ദാനം സംഘടിപ്പിക്കുമെന്നും അതിനിടയിൽ വരുന്ന അടിയന്തര രക്ത ആവശ്യങ്ങൾക്ക് 35059926 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.