ബദര്‍ ദിനം നാളെ (ബുധൻ): ബഹ്‌റൈനിലുടനീളം സമസ്‌ത ബദര്‍ ദിനാചരണങ്ങളും പ്രാര്‍ത്ഥനാ സംഗമങ്ങളും സംഘടിപ്പിക്കുന്നു

>>മനാമയിലെ അനുസ്മരണ-പ്രാര്‍ത്ഥനാസദസ്സ് ബുധനാഴ്ച  ഇഫ്താറിനു മുന്പ് നടക്കും

മനാമ: ഇസ്ലാമിക ചരിത്രത്തില്‍ സുപ്രധാന സംഭവമായ റമസാന്‍ 17ലെ ബദ്‌ര്‍ ദിനം മുസ്ലിംലോകം നാളെ (22ന്ബുധനാഴ്ച) ആചരിക്കും. ബദര്‍ദിനത്തോടനുബന്ധിച്ച് സമസ്ത ബഹ്റൈന്‍ സംഘടിപ്പിക്കുന്ന വിവിധ അനുസ്മരണ ചടങ്ങുകളും പ്രാര്‍ത്ഥനാ സംഗമങ്ങളും മൗലിദ് പരിപാടികളും ഇന്നും നാളെയും ബഹ്റൈനിലുടനീളം നടക്കും.
ബഹ്റൈനിലെ വിവിധ ഏരിയാ കമ്മറ്റികള്‍ വൈകിട്ടു നടക്കുന്ന ഇഫ്‌താറുകളോടനുബന്ധിച്ചും തുടര്‍ന്നുള്ള നമസ്‌കാരങ്ങള്‍ക്കു ശേഷവും തറാവീഹിനു ശേഷവുമായാണ്‌ ചടങ്ങുകള്‍ ആസൂത്രണം ചെയ്‌തിരിക്കുന്നത്‌.

മനാമയില്‍ സമസ്ത ബഹ്‌റൈൻ കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന ബദർ മൗലിദും  അനുസ്മരണവും ഇഫ്താർ സംഗമവും നാളെ (22ന് ബുധനാഴ്ച) വൈകുന്നേരം 5.15 pm മുതല്‍ ആരംഭിക്കും.
മനാമയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് സമസ്ത  ബഹ്‌റൈൻ  പ്രസിഡന്റ് സയ്യിദ്  ഫഖ്‌റുദ്ധീൻ  കോയ  തങ്ങൾ   നേതൃത്വം  നൽകും.

ആയുധവും അംഗബലവും പരിമിതമായിരിക്കെ, തങ്ങളെ അക്രമിക്കാനെത്തിയ ശത്രു സമൂഹത്തെ വിശ്വാസത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും കരുത്തില്‍ നേരിട്ട പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെയും അനുചരന്മാരുടെയും ചരിത്രം ഓര്‍മ്മപ്പെടുത്തുകയാണ് ബദര്‍. ബദര്‍ പോരാട്ടത്തില്‍ നിന്നും വിശ്വാസികള്‍ക്ക് പലതും പഠിക്കാനുണ്ട്.  പ്രവാചകന്‍റെയും സ്വഹാബത്തിന്‍റെയും പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിച്ച ദിനരാത്രങ്ങളില്‍  നാം പ്രാര്‍ത്ഥന കൊണ്ട് സജീവമാകണമെന്നും പുതിയ കാലത്തെ ശത്രുസമൂഹത്തില്‍നിന്നുള്ള രക്ഷക്ക് വേണ്ടിയും നാം പ്രാര്‍ത്ഥനനടത്തണമെന്നും നേതാക്കള്‍ ഓര്‍മ്മിപ്പിച്ചു. മഹത്തായ ഈ അനുസ്മരണ-പ്രാര്‍ത്ഥനാ ചടങ്ങുകളിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സമസ്ത ബഹ്റൈന്‍ കോ-ഓര്‍ഡിനേറ്റര്‍ അശ്റഫ് അന്‍വരിയും അറിയിച്ചു.