മനാമ: ബഹ്റൈൻ പ്രതിഭയുടെ പതിമൂന്ന് സബ് കമ്മിറ്റികളുടെ 2023-25 കാലത്തെ പ്രവർത്തനം പ്രസിദ്ധ സിനിമ സാംസ്ക്കാരിക പ്രവർത്തക ഗായത്രി വർഷ ഉത്ഘാടനം ചെയ്തു. ഇന്ത്യ ഇനിയും ഇങ്ങനെ ഉണ്ടാവുമോ എന്ന ചോദ്യം ഇന്നലെ വരെ നമ്മുടെ ശബ്ദത്തിൻ്റെ മാറ്റൊലിയായിരുന്നു. എന്നാൽ ഇന്നത് യാഥാർത്ഥ്യമായിരിക്കുന്നു. ഏറ്റവും വലിയ പൈതൃക സംസ്ക്കാരത്തിൻ്റ ഉടമകൾ ഇന്ത്യക്കാരാണ്. അതിൻ്റെ ഉദാഹരണം പ്രവാസികൾ തന്നെയാണ്.
ഇന്ത്യയുടെ വിശ്വപൗരൻ ആരെന്ന ചോദ്യത്തിന് ബി.ജെ.പി ക്കാർ നൽകുന്ന ഉത്തരം നരേന്ദ്രമോദി എന്നാണെങ്കിൽ യഥാർത്ഥത്തിൽ അതിനുത്തരം പ്രവാസികൾ എന്നതാണ്. വിശ്വസംസ്ക്കാരമാണ് പ്രവാസികൾ കൈകാര്യം ചെയ്യുന്നത്. ഏതൊരു തമാശ പോലും അതിൻ്റെ അർത്ഥത്തിൽ മനസിലാക്കി പൊട്ടിച്ചിരിക്കാൻ കഴിയുന്നത് പ്രവാസ ലോകത്തിലാണ്. സൈബർ ആക്രമണകാലത്ത് പൊതുരംഗത്ത് നിന്ന് ധാരാളം പിന്തുണ ലഭിച്ചെങ്കിലും ചുരുക്കം ചിലരുടെ പിന്തുണയെ സിനിമ രംഗത്ത് നിന്ന് ലഭിച്ചതുള്ളു. ഗായത്രി വർഷയെ പോലെ താന്തോന്നി എന്ന് വിളിക്കപ്പെട്ടാക്കാം എന്ന ഭയത്താലും തങ്ങളുടെ ജോലിക്ക് വിഘ്നം വരരുത് എന്ന് കരുതലിലും ഒന്നും മിണ്ടാതിരുന്നവരാണ് ഭൂരിപക്ഷം പേരും.
ഇത് നമ്മുടെ നാട് എത്തിചേർന്ന അഭിപ്രായസ്വാതന്ത്യത്തിൻ്റെ പരിതാപകരമായ അവസ്ഥയാണ് കാണിക്കുന്നത്. ഭയം ഒരു രാജ്യത്തെ ഗ്രസിക്കുക എന്നത് നാടിൻ്റെ പുരോഗമന മുഖമല്ല കാണിക്കുന്നത്. എന്നാൽ രാജ്യ തലസ്ഥാനത്ത് അതിശൈത്യം തൃണവത്ക്കരിച്ച് സമരം ചെയ്യുന്ന കർഷകർക്ക് ഭയമില്ല. 13 മാസം സമരം ചെയ്ത് പാടത്തേക്ക് മടങ്ങിയവർ കേന്ദ്ര ഭരണാധികാരികളാൽ പറഞ്ഞ് പറ്റിക്കപ്പെട്ടവരാണ്. 140 കോടി ജനങ്ങളുടെ അറുപത് ശതമാനമായ കർഷക പ്രതിനിധികളാണ് ഡൽഹിയിൽ സമരത്തിനെത്തിചേർന്നത്. സകലയിടത്ത് നിന്നും ആട്ടി ഓടിക്കപ്പെട്ടവർ വയലിൽ നിന്നും തെരുവിലേക്ക് എറിയപ്പെടുന്നത് നമ്മളെല്ലാം വിചാരിക്കുന്ന മാനസിക അവസ്ഥക്കപ്പുറമാണ്. അവരോട് എന്നാൽ കേന്ദ്ര നയം ധാർഷ്ട്യമാണ്. മിഡിൽ ഈസ്റ്റിൽ ഉള്ള രാജഭരണം ജനങ്ങൾ ആഗ്രഹിക്കുന്ന സാമ്പത്തിക ക്ഷേമം നൽകുന്നകാലത്താണ് നമ്മൾജീവിക്കുന്നത്.
എന്നാൽ ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിലെ ഭരണാധികാരികൾ പൂർവ്വകാലത്ത് ഇന്ത്യ ഭരിച്ച രാജാക്കന്മാരേക്കാളും മോശമായാണ് പെരുമാറുകയും രാജ്യം ഭരിക്കുകയും ചെയ്യുന്നത്.തുല്യ നീതി, തുല്യ അവസരം എന്നിവ വിസ്മരിക്കപ്പെട്ട ജനാധിപത്യമാണ് ഇന്നിന്ത്യയിൽ .63 ശതകോടിശ്വരൻമാരുടെ എണ്ണം 259 ശത കോടീശ്വരൻമാരിലേക്ക് എത്തിച്ച ഭരണമാണ് മോദി ഭരണം. ശത കോടീശ്വരൻമാരുടെ ആകെ വരുമാനം മൊത്തം ജനസംഖ്യയുമായി തട്ടിച്ച് ജനങ്ങളുടെ പെർകേപ്പിറ്റൽ വരുമാനം വർദ്ധിച്ച് രാജ്യം സാമ്പത്തിക വികസനം നേടിയിരിക്കുന്നു എന്ന പൊള്ളയായ കണക്കാണ് കേന്ദ്ര ഭരണാധികാരികൾ എഴുന്നെള്ളിക്കുന്നത്. നരേന്ദ്ര മോദിയുടെ അടിക്കടിയുള്ള കേരള സന്ദർശനം വെറുതെ അങ്ങ് സംഭവിക്കുകയല്ല. കേരളം പിടിക്കുക എന്ന ഉറച്ച തീരുമാനത്തിൻ്റെ ഭാഗമായാണ് മേദിയുടെ വരവ്. ഇന്ത്യയുടെ അധോഗതിയായ വികസനത്തിൽ നിന്ന് വ്യത്യസ്തമായി സാമ്പത്തിക, സാംസ്ക്കാരിക, ജീവിത നിലവാര സൂചിക ഉയർന്ന പ്രദേശമാണ് കേരളം. യുറോപ്പ് എത്തിച്ചേർന്ന വികസനത്തിൻ്റെ അതേ നിലവാരത്തിൽ എത്തിചേർന്ന ഇന്ത്യയിലെ കൊച്ചു തുരുത്താണ് നമ്മുടെ സംസ്ഥാനം. ആ വെളിച്ചം കെടുത്താനുള്ള പ്രതിലോമശക്തികളുടെ നേതാവായാണ് മോദിയുടെ അടിക്കടിയുള്ള കേരള സന്ദർശനം.യു.പി. പോലെ അവികസിത അവസ്ഥയിലേക്ക് തള്ളി, മത തീവ്രവാദത്തിന് വേരുകൾ പടർത്താനുള്ള നീക്കത്തെ നമുക്ക് തടയേണ്ടതുണ്ട്.
അതിന് സ്ത്രീകൾക്ക് വലിയ പങ്കുണ്ട്.ഇടതുപക്ഷം എന്ന ഹൃദയ പക്ഷ തിരി കൂടുതൽ ഉയരത്തിൽ കത്തിച്ച് വെക്കാൻ നമ്മൾ പ്രതിജ്ഞാബദ്ധരാണ്. രാഷ്ട്രീയവും മതവും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതായിരിക്കുന്നു എന്ന് രാജ്യത്ത് ശ്രീരാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ നടത്തി കൊണ്ട് പറഞ്ഞ രാജ്യത്തിലെ പ്രധാന മന്ത്രിയെ മതേതര ഇന്ത്യ കരുതിയിരിക്കേണ്ടതുണ്ട്. 2024 തെരഞ്ഞെടുപ്പ് രാജ്യത്തിലെ ജനാധിപത്യം ഉറപ്പിക്കുന്ന ഒന്നായി നമുക്ക് കാണാൻ കഴിഞ്ഞില്ലെങ്കിൽ ഇന്ത്യയിൽ ജീവിക്കാൻ നമ്മൾ ഓരോരുത്തരും പ്രയാസപ്പെടും.
എനിക്ക് ബ്രാഹമണനായി ജനിച്ച് മരിക്കണം എന്നാശിക്കുന്ന സുരേഷ് ഗോപിമാരുടെ നാട്ടിൽ ഇന്ന് ബി.ജെ.പിക്കൊപ്പം നിൽക്കുന്ന ദളിതർക്ക് പോലും സംരക്ഷണം ലഭിക്കാത്ത ഒരിടമായി മാറാൻ പോകുകയാണ് നമ്മുടെ ഇന്ത്യ. മാനവികത കെട്ട് പോകുന്ന കാലത്ത് വിശ്വസംസ്ക്കാരം ആർജ്ജിച്ച പ്രവാസികൾക്ക് നമ്മുടെ നാടിൻ്റെ മതേതര മൂല്യം കാത്ത് സൂക്ഷിക്കാൻ വലിയ പങ്കുണ്ടെന്ന് ഗായത്രി വർഷ ചൂണ്ടികാണിച്ചു. ചടങ്ങിൽ പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ബിനു മണ്ണിൽ അദ്ധ്യക്ഷനായിരുന്നു. പുരോഗമന കലാസാഹിത്യ സംഘം മാധ്യമ വിഭാഗം ‘സംസ്ഥാന സമിതി അംഗം മധു മോഹൻ , പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത്, പ്രതിഭ വൈസ് പ്രസിഡണ്ട് നിഷ സതീശ് എന്നിവർ പരിപാടിക്ക് ആശംസ നേർന്നു. തുടർന്ന് വിവിധ മേഖലകൾ അവതപ്പിച്ച കലാപരിപാടികൾ അരങ്ങേറി. പ്രതിഭ സാന്ത്വനം ഫണ്ടിലേക്ക് പ്രതിഭ സൽമാബാദ് മേഖല സമാഹരിച്ച തുകയും , പ്രതിഭ കേന്ദ്ര കമ്മിറ്റി അംവും സൽമാബാദ് മേഖല സെക്രട്ടറി ഗിരീഷ് മോഹൻ്റെ മകൻ്റെ പിറന്നാൾ ചെലവിൻ്റെ തുകയും പ്രതിഭ ട്രഷറർ രജ്ഞിത് കുന്നന്താനത്തിന് കൈമാറി.