മനാമ: ഒമാനിൽ ജോലി ചെയ്യുന്നതിനിടെ മരണപ്പെട്ട തെലങ്കാന സ്വദേശി കാഞ്ചെട്ടി വെൽമലയുടെ കുടുംബത്തിന് അഞ്ചര വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ മരണപരിഹാര തുകയായ 36,07,736.18 രൂപ (36.07 ലക്ഷം രൂപ) ലഭ്യമാക്കിയതായി പ്രവാസി ലീഗൽ സെൽ (PLC) അറിയിച്ചു. ഈ തുക നിയമപരമായ അവകാശികൾക്ക് വിതരണം ചെയ്യുന്നതിനായി തെലങ്കാന നിസാമാബാദ് ജില്ലാ കളക്ടറുടെ ഓഫീസിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. അവകാശികൾ ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചിട്ടുണ്ടെന്നും ബാക്കി വരുന്ന ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ തുക ഉടൻ കൈമാറുമെന്നും പി.എൽ.സി വ്യക്തമാക്കി.
ഒമാനിൽ ജോലി ചെയ്യവേയായിരുന്നു കാഞ്ചെട്ടി വെൽമല മരണപ്പെടുന്നത്. തുടർന്ന് നടന്ന നിയമനടപടികൾക്കൊടുവിൽ, 2021 ഒക്ടോബർ 27-ന് ഒമാൻ കോടതി അദ്ദേഹത്തിന്റെ നിയമപരമായ അവകാശികൾക്ക് നഷ്ടപരിഹാര തുകയായ ‘ബ്ലഡ് മണി’ (ദിയ) നൽകാൻ ഉത്തരവിട്ടിരുന്നു. എന്നാൽ, കോടതി വിധി വന്നിട്ടും വിവിധ ഭരണപരമായ താമസം കാരണം കഴിഞ്ഞ 5 വർഷമായി ഈ തുക കുടുംബത്തിന് ലഭിച്ചിരുന്നില്ല.
പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, ഗ്ലോബൽ പി.ആർ.ഒയും ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്ത്, പി.എൽ.സി ഒമാൻ ചാപ്റ്റർ എന്നിവരുടെ നിരന്തരമായ ഇടപെടലുകളെ തുടർന്നാണ് ഈ പ്രശ്നത്തിന് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. മസ്കറ്റിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗ്, കമ്മ്യൂണിറ്റി വെൽഫെയർ അറ്റാഷെ ദിനേഷ് റാണ എന്നിവരുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ എംബസിയുടെയും, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെയും (MEA) സജീവമായ ഏകോപനവും പിന്തുണയും ഈ നടപടികൾ വേഗത്തിലാക്കാൻ സഹായിച്ചതായി സംഘടന നന്ദിയോടെ സ്മരിച്ചു.
സിസ്റ്റമാറ്റിക് പരിഷ്കാരങ്ങൾക്ക് ആവശ്യവുമായി പി.എൽ.സി:
വിദേശ കോടതികൾ അനുവദിക്കുന്ന നഷ്ടപരിഹാര തുക ഇന്ത്യൻ കുടുംബങ്ങൾക്ക് ലഭിക്കുന്നതിലുണ്ടാകുന്ന അനാവശ്യ കാലതാമസം ഒഴിവാക്കാൻ സമഗ്രമായ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ അടുത്തിടെ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന് നിവേദനം സമർപ്പിച്ചിരുന്നു.
വിദേശ കോടതികൾ വിധിക്കുന്ന തുകകൾ ജില്ലാ കളക്ടറേറ്റുകൾ വഴി വിതരണം ചെയ്യുന്നതിന് പകരം, നിയമപരമായി സാധ്യമാകുന്നിടങ്ങളിലെല്ലാം അവകാശികളുടെ വെരിഫൈഡ് ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്യണമെന്നാണ് പി.എൽ.സി മുന്നോട്ട് വെച്ച പ്രധാന ശുപാർശ. ബഹ്‌റൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിലവിൽ ഇത്തരത്തിലുള്ള നേരിട്ടുള്ള ബാങ്ക് ട്രാൻസ്ഫർ സംവിധാനമാണ് ഉള്ളതെന്നും ഇത് വളരെ വേഗത്തിലും സുതാര്യമായും പണം ലഭ്യമാക്കാൻ സഹായിക്കുന്നുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി.
വിദേശത്ത് മരണപ്പെടുന്ന പ്രവാസി ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് ലഭിക്കുന്ന നഷ്ടപരിഹാര തുകകൾ കാലതാമസമില്ലാതെ വിതരണം ചെയ്യുന്നതിനായി സുതാര്യവും സമയബന്ധിതവുമായ ഒരു ദേശീയ ചട്ടക്കൂട് ഇന്ത്യയിൽ രൂപീകരിക്കേണ്ടതുണ്ടെന്ന് സംഘടന ആവശ്യപ്പെട്ടു. ഗൾഫ് രാജ്യങ്ങളിൽ മരണപ്പെടുന്ന ഇന്ത്യൻ തൊഴിലാളികളുടെ നിരവധി മരണപരിഹാര കേസുകളും തൊഴിൽ അവകാശ കേസുകളും പ്രവാസി ലീഗൽ സെൽ ഇപ്പോൾ കൈകാര്യം ചെയ്യുന്നുണ്ടെന്നും പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും കൃത്യസമയത്ത് നീതി ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയവുമായും എംബസികളുമായും ചേർന്ന് തുടർന്നും പ്രവർത്തിക്കുമെന്നും ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.









