മനാമ: പരിശുദ്ധ റമദാൻ മാസം സമുചിതമായി ആചരിക്കുവാൻ ബഹ്റൈൻ മീഡിയ സിറ്റി തയാറെടുക്കുന്നു. ജാതിമതഭേദമന്യേ സംഘടിപ്പിക്കുന്ന സമൂഹ നോമ്പുതുറകൾക്ക് ബഹ്റൈൻ മീഡിയ സിറ്റിയിലും അവസരമൊരുക്കുന്നു. പരിശുദ്ധ റമദാനിലെ പുണ്യ മാസത്തിൽ സഹിഷ്ണുത മനോഭാവത്തിൽ നല്ല ചിന്തകളിലൂടെ, പങ്കുവെക്കലിലൂടെ സാഹോദര്യവും സഹവർത്തിത്വവും ഉണർത്തിയെടുക്കുക എന്ന ലക്ഷ്യവുമായി ഏപ്രിൽ അഞ്ചിന് വൈകുന്നേരം മീഡിയ സിറ്റിയിൽ വിവിധ ലേബർ ക്യാമ്പുകളിൽനിന്നുള്ള 500ലധികം തൊഴിലാളികൾക്കായി സമൂഹ നോമ്പുതുറ സംഘടിപ്പിക്കുമെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു.
പരിപാടിയുടെ വിജയത്തിനായി സാമൂഹിക പ്രവർത്തകൻ സയ്യദ് ഹനീഫ ചെയർമാനായി ഡോ. പി.വി ചെറിയാന്റെ രക്ഷാകർതൃത്വത്തിൽ വിപുലമായ സംഘാടകസമിതി രൂപവത്കരിച്ചു. സാമൂഹിക പ്രവർത്തകരായ സുനിൽ ബാബു, അജിത് കുമാർ, അജി പി. ജോയ് എന്നിവർ വൈസ് ചെയർമാന്മാരായും അൻവർ നിലമ്പൂർ ജനറൽ കൺവീനറായും തിരഞ്ഞെടുക്കപ്പെട്ടു.