bahrainvartha-official-logo
Search
Close this search box.

നവോത്ഥാന പോരാട്ടത്തിൽ സ്‌ത്രീകളും ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ട്: സമീറ നൗഷാദ്

New Project - 2024-03-08T193245.807

മനാമ: ലോകത്തെവിടെയും നടന്ന നവോത്ഥാന പോരാട്ടങ്ങളിൽ പുരുഷന്മാരെ പോലെ സ്‌ത്രീ സമൂഹവും ശക്തമായ പങ്കാളിത്തം വഹിച്ചിട്ടുണ്ടെന്ന് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം പ്രസിഡന്റ് പറഞ്ഞു. വനിതാ ദിനത്തോടനുബന്ധിച്ച് ഇറക്കിയ പത്രക്കുറിപ്പിലാണ് അവർ ഈ അഭിപ്രായം പങ്ക് വെച്ചത്. സമകാലിക സാഹചര്യത്തിലെ മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങളിലും വനിതകൾ ശ്രദ്ധേയമായ പങ്കാളിത്തം ആണ് വഹിച്ചു കൊണ്ടിരിക്കുന്നത്. “നവോത്ഥാനത്തിലെ സ്ത്രീ മുന്നേറ്റങ്ങൾ” എന്ന പേരിൽ സാക്ഷരതാ മിഷൻ ഒരു പുസ്‌തകം തന്നെ പുറത്തിറക്കിയിട്ടുണ്ട്. കുട്ടി മാളു അമ്മയും, അറക്കൽ ബീവിയും, അക്കാമ്മ ചെറിയാനും, സുശീല ഗോപാലനും, ജസ്റ്റിസ് ഫാത്തിമാ ബീവിയും, കെ.ആർ.ഗൗരിയമ്മയും, കമലാ സുറയ്യയും, മന്ദാകിനിയും, അജിതയുമൊക്കെ കേരളീയ നവോത്ഥാന ചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ സാന്നിധ്യങ്ങളാണ്.

 

സ്ത്രീ സമൂഹം സ്വയം തിരിച്ചറിവ് നേടി ശക്തരാകണം. സ്ത്രീ സമൂഹത്തെ ശാക്തീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധയൂന്നുന്ന പ്രവർത്തനങ്ങളാണ് പുതിയ കാലയളവിൽ ഫ്രന്റ്‌സ് വനിതാ വിഭാഗം ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. അവസരങ്ങള്‍ തങ്ങളെ തേടി വരുന്നതും കാത്തിരിക്കുന്നതിന് പകരം എല്ലാ മേഖലകളിലേക്കും കയറി ചെല്ലുവാൻ സ്ത്രീകള്‍ കരുത്ത് കാണിക്കേണ്ടതുണ്ട്. അവരുടെ അവകാശങ്ങളെക്കുറിച്ച് കൂടുതൽ ഉച്ചത്തിൽ സംസാരിക്കുന്ന ലോക ഘടനയാണിന്ന് നിലവിലുള്ളത്. എങ്കിലും അവര്‍ക്ക് നിര്‍ണയിക്കപ്പെട്ടതും അവകാശമുള്ളതുമായ മേഖലയിലേക്ക് പോലും എത്തിപ്പെടാന്‍ കഴിയുന്നുണ്ടോയെന്ന ചോദ്യവും പ്രസക്തമാണ്. മാറ്റങ്ങളുടെ ചാലക ശക്തികളായി സ്വയം ഉയരാനും വളരാനുമുള്ള പ്രതിജ്ഞയെടുക്കാന്‍ ഓരോ വനിതക്കും സാധിക്കണം.

 

അതെ സമയം നമ്മുടെ രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ദിനേനയെന്നോണം വര്‍ധിച്ചുകൊണ്ടിരിക്കുന്നതും ഏറെ ആശങ്കയുളവാക്കുന്നുണ്ട്. സ്‌ത്രീ സംവരണം പോലും അട്ടിമറിക്കപ്പെടുന്നു.

സംരക്ഷകരാവേണ്ടവര്‍ തന്നെ സംഹരണത്തിനും നേതൃത്വം കൊടുക്കുന്നു. സ്‌ത്രീകൾക്കെതിരിലുള്ള കുറ്റകൃത്യങ്ങളുടെ ശിക്ഷ നടപ്പാക്കുന്നതിലെ കാലതാമസവും, നിയമങ്ങളിലെ പഴുതുകളും അക്രമങ്ങളുടെ നിരക്ക് വർധിക്കാനുള്ള കാര്യങ്ങളിൽ ഒന്നാണ്. ആത്മ പ്രതിരോധത്തിന്റെ സുശക്തമായ കവചം തീര്‍ത്ത് ആത്മാഭിമാനത്തോടെ മുന്നോട്ട് പോകാന്‍ സ്ത്രീകള്‍ക്ക് സാധിക്കണം. ശാരീരികവും മാനസികവുമായ ശാക്തീകരണം സാധ്യമാക്കാനും തൊഴിലിടങ്ങളിലെ അസമത്വം ഇല്ലാതാക്കാനും, വിവേചനങ്ങളും അക്രമങ്ങളും അവസാനിപ്പിക്കാനും കൂട്ടായ പോരാട്ടം അനിവാര്യമാണ്.

വീട്ടിലായാലും, പൊതുസമൂഹത്തിലായാലും പെണ്‍കുട്ടികളും, സ്ത്രീകളും ബഹുമാനവും ആദരവും അര്‍ഹിക്കുന്നവരാണ്. മേല്‍ക്കോയ്മയല്ല, തുല്യതയും നീതിയും അവകാശമാണെന്നത് സ്ത്രീകള്‍ തന്നെയാണ് തിരിച്ചറിയേണ്ടത്. സ്ത്രീ സംരക്ഷണ നിയമങ്ങള്‍ കേവലം വാഗ്ദാനങ്ങളായി ചുരുങ്ങാതിരിക്കാൻ അധികാരികൾ നിതാന്ത ജാഗ്രത പുലർത്തണം. എല്ലാവര്‍ക്കും ഹൃദ്യമായ വനിതാ ദിനാശംസകൾ നേരുന്നതായും അവർ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!