മനാമ: ഷിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ ബഹ്‌റൈനിലെ റഷ്യന്‍ ഭാഷ സംസാരിക്കുന്ന സമൂഹത്തിനു മാത്രമായി പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ശനിയാഴ്ച ആശുപത്രിയില്‍ നടന്ന ക്യാമ്പില്‍ റഷ്യന്‍ അംബാസഡര്‍, അലക്‌സി സ്‌കോസിറോവ് മുഖ്യാതിഥിയായിരുന്നു. ഉദ്ഘാടന പ്രസംഗത്തില്‍ അംബാസഡര്‍ സ്‌കോസിറെവ്, രാജ്യത്തെ ആരോഗ്യമേഖലയലില്‍ ഷിഫ നല്‍കുന്ന മികച്ച സംഭാവനകളെ അഭിനന്ദിച്ചു.
രാജ്യത്തിന്റെ നേതൃത്വത്തിന്റെ ജ്ഞാനപൂര്‍വകമായ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ രാജ്യത്തെ ആരോഗ്യ പരിപാലന മേഖലയില്‍ ഷിഫ അല്‍ ജസീറ നല്‍കുന്ന നിര്‍ണായക സംഭാവനകള്‍ അംബാസഡര്‍ ഊന്നിപ്പറഞ്ഞു. ഷിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ ദിവസേന നല്‍കുന്ന ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും രാജ്യത്തെ ആരോഗ്യ പരിപാലന പരിപാടികളില്‍ ഡോക്ടര്‍മാരുടെ വിലപ്പെട്ട സംഭാവനകളെ എടുത്തുപറയുകയും ചെയ്തു. ഷിഫ അല്‍ ജസീറയിലെ നിരവധി ഡോക്ടര്‍മാര്‍ മുന്‍ സോവിയറ്റ് യൂണിയന്‍, സിഐഎസ് രാജ്യങ്ങള്‍, റഷ്യ എന്നിവിടങ്ങളില്‍ നിന്ന് ബിരുദം നേടിയവരാണെന്നറിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അംബാസഡര്‍ അറിയിച്ചു.
ചടങ്ങില്‍ ആശുപത്രി സിഇഒ ഹബീബ് റഹ്മാന്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ.സല്‍മാന്‍ ഗരീബ് എന്നിവരും സംസാരിച്ചു. ബഹ്‌റൈനിലെ റഷ്യന്‍ ഭാഷ സംസാരിക്കുന്ന സമൂഹത്തിന്റെ വൈവിധ്യമാര്‍ന്ന ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ആശുപത്രിയുടെ പ്രതിബദ്ധതയില്‍ ഈ മെഡിക്കല്‍ ക്യാമ്പ് ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിയതായി ഇരുവരും എടുത്തുപറഞ്ഞു. ഇതാദ്യമായാണ് ഷിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ റഷ്യന്‍ സംസാരിക്കുന്ന സമൂഹത്തിന് മാത്രമായി പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ അംബാസഡര്‍ക്ക് പ്രത്യേക മെമന്റോ സിഇഒ ഹബീബ് റഹ്മാന്‍ സമ്മാനിച്ചു. റഷ്യന്‍ എംബസിയുടെ ഷിഫ അല്‍ ജസീറ ആശുപത്രിക്കുള്ള അഭിനന്ദന ടോക്കണും നല്‍കി.
ഡയറക്ടര്‍ ഷബീര്‍ അലി പികെ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ.സായി ഗിരിധര്‍, മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ.ഷംനാദ് മജീദ്, സ്‌പെഷ്യലിസ്റ്റ് ജനറല്‍ സര്‍ജന്‍ ഡോ.സുബ്രഹ്മണ്യന്‍, സ്‌പെഷ്യലിസ്റ്റ് ഇന്റേണല്‍ മെഡിസിന്‍ ഡോക്ടര്‍മാരായ നജീബ് അബൂബക്കര്‍, ഡേവിസ് കുഞ്ഞിപ്പാലു, സ്‌പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റ് ഡോ.ഭുവനേശ്വരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ക്യാമ്പില്‍ ബ്ലഡ് ഷുഗര്‍, സെറം കൊളസ്‌ട്രോള്‍, എസ്ജിപിടി, സെറം ക്രിയാറ്റിനിന്‍ എന്നിവയുള്‍പ്പെടെ സൗജന്യ ലാബ് പരിശോധനകളും സൗജന്യ ഫിസിഷ്യന്‍ കണ്‍സള്‍ട്ടേഷനും നല്‍കി. ഡോ.നജീബ്, ഡോ.സല്‍മാന്‍ മന്‍സൂര്‍, ഡോ.ഫരീദ മുഹമ്മദ് അലി, ഡോ.മാജിദ് ഈസ തുടങ്ങിയ റഷ്യന്‍ സംസാരിക്കുന്ന ഡോകട്ര്‍മാര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.