വോട്ടെണ്ണൽ ആരംഭിച്ചു; ജനവിധി ഇന്നറിയാം, പ്രതീക്ഷയും നെഞ്ചിടിപ്പും വർദ്ധിച്ച് മുന്നണികൾ

2019 ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടങ്ങി. 542 മണ്ഡലങ്ങളിലായി എണ്ണായിരത്തോളം സ്ഥാനാ‍ർത്ഥികളുടെ ജനവിധി ഇന്നറിയാം. 543 മണ്ഡലങ്ങളിൽ 542 ഇടത്തേയ്ക്കാണ് ഏഴ് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്നത്. തമിഴ്‍നാട്ടിലെ വെല്ലൂരിലെ തെരഞ്ഞെടുപ്പ് അനധികൃതമായി പണം കണ്ടെത്തിയതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയിരുന്നു.

കൃത്യം എട്ട് മണിക്ക് തന്നെ വോട്ടെണ്ണൽ തുടങ്ങി. പോസ്റ്റൽ വോട്ടുകളാണ് ആദ്യമെണ്ണുന്നത്, ഒപ്പം തന്നെ ഇവിഎം വോട്ടുകളും എണ്ണുന്നു. ആദ്യഫലസൂചനകൾ 11 മണിയോടെ അറിയാം. പക്ഷേ സ്ഥാനാർത്ഥികൾ ജയിച്ചോ തോറ്റോ എന്ന കൃത്യമായ വിവരമറിയാൻ ഉച്ചയ്ക്ക് ശേഷമേ സാധിക്കൂ. വൈകിട്ടോടെ മാത്രമേ അന്തിമഫലം പ്രഖ്യാപിക്കാനാകൂ. വോട്ടെണ്ണൽ പ്രകിയ വൈകിയാൽ ഫലപ്രഖ്യാപനവും അതനുസരിച്ച് വൈകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ അറിയിക്കുന്നത്.